6238100100
ട്രാഫിക്ക് പ്രശ്നം: വാട്ട്സ് ആപ്പിൽ പരാതി നൽകാം
കൊച്ചി: ഒരു മര്യാദയുമില്ലാതെ വാഹനം ഓടിക്കുന്നവർക്കും പാർക്കിംഗ് നടത്തുന്നവർക്കുമെതിരെ ജനങ്ങളുടെ സഹകരണത്തോടെ സിറ്റി പൊലീസ് നടത്തിയ നടപടികൾ ഫലം കാണുന്നു. രണ്ട് മാസത്തിനിടെ 668 പരാതികളാണ് 6238100100 വാട്ട്സ് ആപ്പ് നമ്പറിലൂടെ പൊലീസിന് ലഭിച്ചത്. ഇതിലെല്ലാം നടപടികളുമെടുത്തു. 22 മറ്റ് പരാതികൾ അതത് സ്റ്റേഷനുകളിലേക്ക് അയച്ചു. നഗരഗതാഗതം സൂപ്പറാക്കാനുള്ള ട്രാഫിക് ഐ പദ്ധതിയാണിത്. ജനുവരി 28നാണ് ട്രാഫിക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി കൊച്ചി സിറ്റിയിൽ ട്രാഫ് ഐയ്ക്ക് തുടക്കമിട്ടത്. കൊച്ചി സിറ്റി പൊലീസിന് കീഴിലെ 26 സ്റ്റേഷനുകളിലും വാട്ട്സ് ആപ്പിലൂടെ പരാതികളും നിയമലംഘനങ്ങളും ഫോട്ടോ സഹിതം നൽകാം. ഏഴ് മിനിറ്റിനകം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടി സ്വീകരിക്കും. എത്താൻ വൈകിയാൽ അക്കാര്യവും പരാതിക്കാരനെ ഫോണിലൂടെ അറിയിക്കും.
പരാതികൾ രഹസ്യം
പരാതിക്കാരന്റെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. വരുന്നതിൽ അധികവും അലക്ഷ്യമായ ഡ്രൈവിംഗ്, അനധികൃത പാർക്കിംഗ് സംബന്ധിച്ചുള്ള പരാതികളാണ്.
നടപടിക്ക് ശരവേഗം
• വാട്‌സ്ആപ്പിലൂടെ പരാതിപ്പെടാം
• ഗൂഗിൾ ലൊക്കേഷൻ നൽകണം
• പരാതി അപ്പോൾ തന്നെ രേഖപ്പെടുത്തും
• ഇവ ട്രാഫിക്ക് പൊലീസ് കൈമാറും
• 7മിനിറ്റിനുള്ളിൽ നടപടി
• വൈകിയാൽ കൺട്രോൾ റൂമിന് കൈമാറും
• ഇങ്ങനെയുള്ള പരാതി പൊലീസിന് നൽകും
• നടപടി വാട്ട്‌സ്ആപ്പിലൂടെ പരാതിക്കാരന് കൈമാറും
• നടപടിയുടെ ചിത്രവും നൽകും
സുസജ്ജം
വെസ്റ്റ് ട്രാഫിക് അസി. കമ്മിഷണർ വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ട്രാഫിക്ക് പൊലീസിലെ സി.ഐ, പ്രിൻസിപ്പൽ എസ്.ഐ എന്നിവരാണ് ട്രാഫിക് ഐയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 24 മണിക്കൂറും പ്രവർത്തനസജ്ജമാണ്. ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്. ട്രാഫിക് ഐയിലെ നടപടി സംബന്ധിക്കുന്ന എല്ലാ ദിവസത്തെയും റിപ്പോർട്ട് ഡി.സി.പിക്ക് കൈമാറുന്നുണ്ട്.
പരാതിപ്പെടാം
• നിയമവിരുദ്ധ പാർക്കിംഗ്
• സീബ്രാ ലൈൻ ലംഘനം
• ഫുട്പാത്തിൽ കയറ്റി പാർക്കിംഗ്
• അലക്ഷ്യമായ ഡ്രൈവിംഗ്