
നെട്ടൂർ: മരട് നഗരസഭയിലെ 26-ാം ഡിവിഷനിൽ തരിശായി കിടന്നിരുന്ന 80 സെന്റ് സ്ഥലത്ത് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി തുടങ്ങിയ ചീര കൃഷിയുടെ ആദ്യ വിളവെടുപ്പ് 26-ാം ഡിവിഷൻ കൗൺസിലർ റിയാസ് കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൺവീനർ ടി.എസ്.എം. നസീർ, കെ.എം. അൻസാർ എന്നിവർ ഉൾപ്പെടെ കൂട്ടായ്മയിലെ അംഗങ്ങൾ പങ്കെടുത്തു. വേലകടവിൽ സാവിത്രിയുടെയും, മകൻ രാജീവിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പരിസരവാസികളും കൗൺസിലർ റിയാസ് കെ. മുഹമ്മദും ചേർന്ന് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി കപ്പ, വാഴ, ചീര, മുളക്, ഇഞ്ചി, പയർ, തക്കാളി, വെണ്ട, വഴുതന എന്നിവ കൃഷി ചെയ്തത്. മാലിന്യം നിറഞ്ഞിരുന്ന തരിശ് സ്ഥലം കൃഷിക്കായി ഒരുക്കിയെടുക്കുകയായിരുന്നു.