കുറുപ്പംപടി: കുറുപ്പംപടി - കുറിച്ചിലക്കോട് റോഡിൽ ഐമുറി കനാൽ ബണ്ടിലെ കുഴിയിൽ വീണ് വാഹനം കനാലിലേക്ക് മറിഞ്ഞ് പൊലീസുദ്യോഗസ്ഥൻ മരിക്കാൻ കാരണം പി.ഡബ്ലിയു.ഡി അധികൃതരുടെ അനാസ്ഥ. കലുങ്ക് നിർമ്മാണത്തിനുവേണ്ടി ഈ ഭാഗത്ത് റോഡ് കുഴിച്ച മണ്ണ് നീക്കം ചെയ്യുകയും മാസങ്ങളോളം ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു പണികൾ നടത്തുകയും ചെയ്തതാണ്. അതിശേഷം മണ്ണിട്ട് കുഴി മൂടുക മാത്രമാണ് ചെയ്തത്. ടാർ പൊളിഞ്ഞുപോയ ഭാഗത്ത് ടാറിംഗ് നടത്താത്തതിനാൽ വീണ്ടും കുഴി നിറഞ്ഞ അവസ്ഥയിലാണിപ്പോൾ.
കിഴക്കൻ മേഖലകളിൽ നിന്ന് മലയാറ്റൂർ തീർഥാടകർ ധാരാളം കടന്നുപോകുന്ന വഴിയാണിത്. മലയാറ്റൂർ തീർത്ഥാടന സമയം ആയതിനാൽ ഈ വഴി ധാരാളം വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഈ ഭാഗമൊഴികെ മലയാറ്റൂർ വരെയുള്ള ഭാഗങ്ങളിലെ റോഡ് മികച്ചതായതിനാൽ അമിതവേഗത്തിൽ വരുന്ന വാഹനങ്ങൾ വളവും കുഴിയും നിറഞ്ഞ ഇവിടെ വരുമ്പോൾ സഡൻ ബ്രേക്ക് ഇടുകയും തെന്നിമാറി അപകടങ്ങളുണ്ടാവുകയും ചെയ്യും. മുമ്പും അപകടങ്ങളിൽ ഇവിടെ പലർക്കും പരിക്കേറ്റിട്ടുണ്ട്.
ഇനിയും അപകടമരണങ്ങൾ സംഭവിക്കാതിരിക്കാൻ ഈ ഭാഗം എത്രയും വേഗം ടാറിംഗ് നടത്തി അപകട സൂചന ബോർഡുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.