കളമശേരി: വിഷു ദിനത്തിൽ കണി കാണാൻ കണിക്കൊന്നക്കുവേണ്ടി പരക്കം പായേണ്ടി വരും. തുടർച്ചയായുണ്ടായ ശക്തമായ കാറ്റും വേനൽ മഴയും ചേർന്ന് വിരിഞ്ഞു നിന്ന പൂക്കളെല്ലാം നിലം പൊത്തി. മാർച്ച് മാസത്തിൽ പൂക്കുന്ന കണിക്കൊന്ന ഇത്തവണ കാലം തെറ്റി ജനുവരിയിൽ തന്നെ പൂത്തുലഞ്ഞു നിൽക്കുകയായിരുന്നു. കഴിഞ്ഞ കൊവിഡ് കാലത്ത് പോലും 20 രൂപ മുതൽ 50 രൂപ വരെ വിലയിൽ ലഭിച്ചിരുന്ന കണിക്കൊന്നയ്ക്ക് ഇക്കുറി വില്പനയ്ക്കാർ ഇരട്ടി വില ഈടാക്കുമെന്നുറപ്പാണ്. ഏപ്രിൽ ആദ്യവാരത്തിൽ വീടുകളിലെത്തി കച്ചവടമുറപ്പിച്ച വില്പനയ്ക്കാരുണ്ട്. കൂടുതൽ പേരും അയൽവാസികൾക്കും പരിചയക്കാർക്കും സൗജന്യമായ് നൽകുകയാണ് പതിവ്.

വിഷുവിന് കണിവയ്ക്കാൻ കണിക്കൊന്ന മലയാളികൾക്ക് അവിഭാജ്യ ഘടകമാണ്. പലയിടങ്ങളിലും പൂക്കൾ ലഭിക്കാതായതോടെ മറ്റു വിഷു കണി വിഭവങ്ങൾക്കൊപ്പം കണിക്കൊന്നയും കച്ചവട ഇനമായി മാറിയത്. വിഷുവിന് തലേ നാളിൽ വഴിയോരങ്ങളിൽ കണിക്കൊന്നയുമായി കുട്ടികൾ വരെ നിൽക്കുന്ന കാഴ്ച് പതിവാണ്.