എളങ്കുന്നപ്പുഴ: വില്ലേജ് ഓഫീസിന് വടക്കുഭാഗത്തുനിന്ന് കിഴക്കോട്ടുള്ള റോഡ് പുനർനിർമ്മാണം വില്ലേജ് ഉദ്യോഗസ്ഥൻ തടഞ്ഞതിനെത്തുടർന്ന് നിർത്തിവെച്ചു. റവന്യൂഭൂമി കൈയേറിയാണ് റോഡ് നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് തടഞ്ഞത്. 40 വർഷമായി പഞ്ചായത്ത് റോഡായി തുടരുന്നതാണ് റോഡെന്നും ഗ്രാമി റെസിഡന്റ്സ് അസോസിയേഷൻ പറയുന്നു.

തകർന്നുകിടക്കുന്ന റോഡ് പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്താത്ത സാഹചര്യത്തിൽ പുനർനിർമ്മാണം സ്വന്തംചെലവിൽ നിർവഹിക്കാമെന്ന് അറിയിച്ചു സാബു കാരിക്കശേരി സമർപ്പിച്ച അപേക്ഷ പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചതോടെയാണ് നിർമ്മാണം ആരംഭിച്ചത്. പഞ്ചായത്ത് അംഗം വി.കെ. സമ്പത്ത്കുമാർ, ക്ഷേമസമിതി ചെയർമാൻ സ്വാതിഷ് സത്യൻ, കോൺഗ്രസ് എളങ്കുന്നപ്പുഴ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. നൗഷാദ്, റെസിഡന്റ്സ് അസോസിയേഷൻ പ്രതിനിധി സി.ടി. ബെനഡിക്റ്റ് എന്നിവർ ചർച്ച നടത്തിയെങ്കിലും തർക്കം പരിഹരിക്കാനായില്ല. കൊച്ചി തഹസിൽദാരുമായി വീണ്ടും ചർച്ചനടക്കും.