padam

കൊച്ചി: വസ്തു രജിസ്ട്രേഷനുൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി റവന്യു, രജിസ്ട്രേഷൻ, സ‌ർവേ ഓഫീസുകൾ കയറിയിറങ്ങി ചെരുപ്പ് തേഞ്ഞെന്ന് ഇനി പറയേണ്ടിവരില്ല. ഓൺലൈനായി ഒരൊറ്റ അപേക്ഷ നൽകിയാൽ മതി, 30 ദിവസത്തിനകം കൈയിൽ കിട്ടും മൂന്ന് വകുപ്പുകളുടെ 'ഡിജിറ്റൽ' തീ‌ർപ്പ് !

മൂന്നു വിഭാഗങ്ങളുടെയും സോഫ്റ്റ്‌വെയറുകൾ സംയോജിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സ‌ർക്കാർ. വസ്തു സംബന്ധമായ രേഖകൾക്കായി വർഷങ്ങളോളം ഓഫീസ് കയറിയിങ്ങി മനസുമടുത്ത് ആത്മഹത്യയിൽ അഭയം തേടുന്നതടക്കം പതിവായതോടെയാണ് ഈ മാറ്റത്തിന് സർക്കാർ തയ്യാറായത്.ഡിജിറ്റൽ ഭൂസർവേയുടെ ഭാഗമായ പദ്ധതി ആറ് മാസത്തിനുള്ളിൽ തുടങ്ങും. സർവേക്കായി 807 കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

 ദിവസം 20 വില്ലേജ്

1550 വില്ലേജുകളിലെ റീസ‌ർവേയാണ് പൂ‌ർത്തിയാക്കാനുള്ളത്. ഇതിനായി റവന്യു വകുപ്പ് പ്രത്യേകം ദൗത്യം ആരംഭിക്കും. ഒരു ദിവസം 20 വില്ലേജാണ് പൂ‌ർത്തിയാക്കേണ്ടത്. ആറ് മാസം 200 വില്ലേജ് എന്ന ക്രമത്തിൽ നാലു വ‌ർഷം കൊണ്ട് ലക്ഷ്യത്തിലെത്തും. 1500 സ‌ർവേയർമാരെയും 3000 സഹായികളെയും താത്കാലിമായി നിയമിക്കും.


 റെലീസ്, പേൾ, ഭൂരക്ഷ

സ‌ർവേ വിഭാഗത്തിന് മാത്രമാണ് സ്വന്തമായി സോഫ്റ്റ്‌വെയർ ഇല്ലാത്തത്. ഡിജിറ്റൽ സർവേ പൂ‌ർത്തിയാകാത്തതാണ് കാരണം. റീസർവേ പൂ‌ർത്തിയാക്കി പ്രവൃത്തികളെല്ലാം സോഫ്സ്റ്റ്‌വെയറിന് കീഴിലാക്കും. ഭൂരക്ഷയെന്ന പേരാണ് പരിഗണിക്കുന്നത്. 89 വില്ലേജുകൾ മാത്രമേ ഡിജിറ്റലായിട്ടുള്ളൂ. റെലീസ് (റവന്യൂ), പേൾ (രജിസ്ട്രേഷൻ) എന്നിവയാണ് മറ്റ് സോഫ്റ്റ്‌വെയറുകൾ.

 സ‌ർവേ പപ്പു

ഡിജിറ്റൽ സ‌ർവേയുടെ ഭാഗ്യചിഹ്നം 'സ‌ർവേ പപ്പു'വെന്ന ആനക്കുട്ടിയാണ്. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ. രാജൻ ഭാഗ്യചിഹ്നത്തിന്റെ ഡിജിറ്റൽ പ്രകാശനം നി‌ർവഹിച്ചു. തീം സോംഗും പുറത്തിറക്കി.

"റീസർവേ പദ്ധതി നടപ്പിലാകുന്നതോടെ എല്ലാവർക്കും ഭൂമി നൽകാനും ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കാനുമാകും."

കെ. രാജൻ

റവന്യു മന്ത്രി