highcourt

കൊച്ചി: മതവിഭാഗങ്ങൾ സ്ഥാപിച്ച സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ അതത് വിഭാഗത്തിൽ നിന്നുള്ളവർക്ക് പ്രവേശനം നൽകാൻ കഴിയുന്ന തരത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ചട്ടങ്ങൾ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് സി.എസ്.ഐ മെഡിക്കൽ മിഷൻ ചെയർമാൻ ബിഷപ്പ് ധർമ്മരാജ് റസാലം ഹൈക്കോടതിയിൽ ഹർജി നൽകി. കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സി.എസ്.ഐ മെഡിക്കൽ കോളേജിന് ന്യൂനപക്ഷ പദവിയുണ്ടെങ്കിലും സീറ്റുകൾ സർക്കാർ സ്പോൺസർ ചെയ്ത കുട്ടികൾക്കാണ് നൽകുന്നതെന്ന് ഹർജിയിൽ പറയുന്നു. സി.എസ്.ഐ ക്രിസ്ത്യൻ വിഭാഗമാണ്. ന്യൂനപക്ഷ പദവിയുള്ള കാരക്കോണം മെഡിക്കൽ കോളേജിലെ പ്രവേശനം നിയന്ത്രിക്കാൻ ഭരണഘടനാപരമായ അവകാശമുണ്ട്. സി.എസ്.ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന ക്രിസ്ത്യൻ നാടാർ വിഭാഗത്തിന് മെഡിക്കൽ വിദ്യാഭ്യാസം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് കാരക്കോണം മെഡിക്കൽ കോളേജ് സ്ഥാപിച്ചത്. എന്നാൽ മുഴുവൻ സീറ്റുകളിലെയും പ്രവേശനം സർക്കാർ നിയന്ത്രണത്തിലാണെന്ന് ഹർജിയിൽ പറയുന്നു.