waitingshed
അപകടാവസ്ഥയിലായവെയിറ്റിങ്ങ് ഷെഡ്.

മൂവാറ്റുപുഴ: അപകടഭീഷണി ഉയർത്തുന്ന നഗരത്തിലെ വെയിറ്റിംഗ് ഷെഡ് പൊളിച്ചുപണിയണമെന്ന ആവശ്യം ശക്തമായി. വെയിറ്റിംഗ് ഷെഡിന്റെ തൂണുകൾ തുരുമ്പെടുത്തതിനാൽ ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിൽ വെയിറ്റിംഗ് ഷെഡ് ആടി ഉലഞ്ഞിരുന്നു. നഗരമദ്ധ്യത്തിൽ നിലകൊള്ളുന്ന ഇത് തകർന്നുവീണാൽ വൻ ദുരന്തത്തിന് സാദ്ധ്യതയുണ്ട്. മൂന്നുപതിറ്റാണ്ടു മുമ്പാണ് വെട്ടുകാട്ടിൽ ബിൽഡിംഗിനുമുന്നിൽ വെയിറ്റിംഗ് ഷെഡ് സ്ഥാപിച്ചത്. നിലവിൽ രണ്ട് വെയിറ്റിംഗ് ഷെഡുകളാണ് 30മീറ്റർ ദൂരത്തിനുള്ളിൽ ഇവിടെയുള്ളത്. വെള്ളൂർക്കുന്നം ക്ഷേത്രം ജങ്ങ്ഷനുസമീപവും ബാങ്ക് ഒഫ് ബറോഡയ്ക്കുമുന്നിലും. ബാങ്കിനുമുന്നിലുള്ളതാണ് അപകടാവസ്ഥയിലായിരിക്കുന്നത്. എറണാകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്ക് വേണ്ടിയാണ് ഇത് നിർമ്മിച്ചതെങ്കിലും യാത്രക്കാരെല്ലാം ബസ് കാത്തുനിൽക്കുന്നത് ക്ഷേത്രം ജംഗ്ഷന് സമീപത്തെ ആലുവ ഭാഗത്തേക്കുള്ള വെയിറ്റിംഗ് ഷെഡിലാണ്. നിലവിൽ അപകടാവസ്ഥയിലായ വെയിറ്റിംഗ് ഷെഡ് ഇരു ചക്രവാഹനങ്ങളുടെ പാർക്കിംഗ്സ്ഥലമായി മാറിയിരിക്കുകയാണ്.