
അങ്കമാലി: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗമായിരുന്ന എം.സി. ജോസഫൈന് രാഷ്ട്രീയ കേരളം വിടനൽകി. ജീവിതം രാഷ്ട്രീയത്തിന് മാറ്റിവച്ച ജോസഫൈന്റെ മൃതദേഹം എറണാകുളം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ കൈമാറി.
അങ്കമാലി കല്ലുപാലം റോഡിലെ വസതിയിൽ നിന്ന് ഇന്നലെ മൃതദേഹം അങ്കമാലി ഏരിയ കമ്മിറ്റി ഓഫീസിലും തുടർന്ന് സി.എസ്.എ. ഓഡിറ്റോറിയത്തിലും പൊതുദർശനത്തിനുവച്ചു. സംസ്ഥാന നേതാക്കൾ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. ഉച്ചയ്ക്ക് രണ്ടുവരെ വൻ ജനാവലിയാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്.
ഉച്ചയ്ക്ക് 1.50ന് എറണാകുളം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹനന് ജോസഫൈന്റെ മകൻ മനു മൃതദേഹം കൈമാറി. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
മന്ത്രിമാരായ പി. രാജീവ്, കെ. രാജൻ, കെ. രാധാകൃഷ്ണൻ, ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി.വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, കെ.ജെ. മാക്‌സി, ഷാഫി പറമ്പിൽ, കെ. ബാബു, യാക്കോബായസഭ മെത്രാപ്പോലീത്ത ഏലിയാസ് അത്താനാസിയോസ്, എ. വിജയരാഘവൻ, പി.കെ. ശ്രീമതി, സി.എസ്. സുജാത, ജെ. മേഴ്‌സിക്കുട്ടി അമ്മ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ക്യാപ്ഷൻ: സി.പി.എം.നേതാക്കളുടെ നേതൃത്വത്തിൽ എം.സി. ജോസഫൈന്റെ മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിക്കുന്നു.