അങ്കമാലി: അങ്കമാലി മേഖലയിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ കൊടുംകാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ചവർക്ക് എത്രയുംവേഗം സർക്കാർ സഹായം നൽകണമെന്നും അപേക്ഷാ കാലാവധി നീട്ടിനൽകണമെന്നും കേരളകർഷകസംഘം അങ്കമാലി ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു. അങ്കമാലി നഗരസഭ, പാറക്കടവ്, കാലടി, കറുകുറ്റി പ്രദേശങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ജാതി, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറി, ഫലവൃക്ഷങ്ങൾ തുടങ്ങിയ വിളകളാണ് പലകൃഷിക്കാർക്കും പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നത്. സർക്കാർ സഹായം ലഭിക്കുന്നതിന് ഓൺലൈനായി അപേക്ഷിക്കേണ്ടതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ തിരക്കേറി. ഭൂരിഭാഗം കർഷകർക്കും ഇതുവരെ അപേക്ഷ നൽകാനായിട്ടില്ല. അപേക്ഷ നൽകേണ്ട കാലാവധി നീട്ടണമെന്നും സഹായം അടിയന്തരമായി നൽകുവാനുള്ള നടപടി സ്വീകരിക്കണമെന്നും കേരള കർഷകസംഘം അങ്കമാലി ഏരിയാ പ്രസിഡന്റ് സി.എൻ മോഹനനും സെക്രട്ടറി ജീമോൻ കുര്യനും സർക്കാരിനോട് അവശ്യപ്പെട്ടു.