കൊച്ചി: പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് വാട്ടർ മെട്രോയുടെ ഹൈക്കോടതി ജെട്ടി നിർമ്മിക്കുന്നതെന്ന ഹർജിയിൽ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ സ്റ്റേ ഉത്തരവ്. പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചാണ് കൊച്ചിയിൽ വാട്ടർ മെട്രോ നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ച് ഹർജിക്കാരൻ കെ.ജി പ്രതാപ സിംഹൻ ഹൈക്കോടതിയിൽ നേരത്തെ പൊതു താത്പര്യഹർജി നൽകിയിരുന്നു. ഇതു തള്ളിയതിനെത്തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും ഹർജി തള്ളി. ഈ വിവരങ്ങൾ മറച്ചു വച്ചാണ് ഹർജിക്കാരൻ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ച് ഉത്തരവു വാങ്ങിയതെന്ന് കൊച്ചി മെട്രോ അധികൃതർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കുന്നു. ഹർജിയിൽ പ്രതാപ സിംഹനെയും കേന്ദ്ര സർക്കാരിനെയും കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റിയെയും എതിർ കക്ഷിയാക്കിയാണ് ഹർജി കൊച്ചി മെട്രോ ഹർജി നൽകിയത്.