കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുകളായി ബന്ധപ്പെട്ട കേസ് കാക്കനാട് ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്നു പരിഗണിക്കും. ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായ കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയും ഫാ. ജോഷി പുതുവയും ഇന്ന് ഹാജരാകാൻ കോടതി സമൻസ് നൽകിയിരുന്നു. എന്നാൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇന്ന് ഹാജരാകേണ്ടതില്ലെന്നും ഇക്കാര്യം കോടതിയെ അറിയിച്ചാൽ മതിയെന്നും കർദ്ദിനാളിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

കേസുകൾ ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് രജനി മോഹനാണ് പരിഗണിക്കുന്നത്. അതിരൂപതയുടെ ഭൂമിയിടപാടുകളിൽ ക്രമക്കേടുണ്ടെന്നും ഇതിലൂടെ സഭയ്ക്ക് വൻ നഷ്ടമുണ്ടായെന്നും ആരോപിച്ച് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗ്ഗീസ് നൽകിയ പരാതിയാണ് കോടതി പരിഗണിക്കുന്നത്. വിശ്വാസ വഞ്ചന, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളുൾപ്പെട്ട ഈ കേസ് റദ്ദാക്കാൻ കർദ്ദിനാൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളി. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. കേസുകൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകിയിരുന്നു.