കൊച്ചി: എൽ.ഡി.എഫിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ മദ്യനയത്തിൽ കാതലായ തിരുത്തൽ വേണമെന്ന് ചെത്തുതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) സംസ്ഥാന ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.

മദ്യവർജനമെന്ന നിലപാട് സർക്കാർ മാറ്റം വരുത്തി. കൂടുതൽ വിദേശമദ്യ വില്പനശാലകളും ബാറുകളും ഐ.ടി പാർക്കുകളിൽ അനുവദിക്കുമെന്നാണ് പ്രഖ്യാപിച്ചത്. പരമ്പരാഗത കള്ളു ചെത്ത് വ്യവസായത്തിന്റെ തകർച്ചക്ക് ആക്കം കൂടുന്നതാണ് നിലപാട്. ടോഡി ബോർഡിന്റെ പ്രവർത്തനം അടിയന്തരമായി ആരംഭിക്കുക, ദൂരപരിധി നിയമത്തിൽ നിന്ന് കള്ളു ഷാപ്പുകളെ ഒഴിവാക്കുക, കൂടുതൽവിദേശ മദ്യവില്പനശാലകൾ ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 30ന് ജില്ലാ ഭരണകേന്ദ്രങ്ങളിൽ തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

യോഗം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രാജു ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ഡി.പി. മധു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ, സംസ്ഥാന ഭാരവാഹികളായ കെ.എൻ. ഗോപി, എസ്.ജി. സുകുമാരൻ, പി.കെ. ഷാജികുമാർ, കെ. എം. ജയദേവൻ, എ.വി. ഉണ്ണികൃഷ്ണൻ, കെ.ബി. അറുമുഖൻ എന്നിവർ പ്രസംഗിച്ചു.