
മൂവാറ്റുപുഴ: റംസാന്റെ പുണ്യമാസത്തിലേക്ക് വിശ്വാസികൾ ചുവടുവച്ചതോടെ ഈന്തപ്പഴ വിപണിക്ക് മധുരമൂറും വില്പനനേട്ടം. വ്രതാനുഷ്ഠാന പരിസമാപ്തിയിൽ ഉണങ്ങിയ ഈന്തപ്പഴം കഴിച്ചാണ് വിശ്വാസികൾ നോമ്പ് തുറക്കുന്നത്. നോമ്പുതുറ വിഭവങ്ങളിലെ താരരാജാവ് എന്ന വിശേഷണമാണ് ഈന്തപ്പഴത്തിനുള്ളത്.
കിലോയ്ക്ക് 100 രൂപ മുതൽ 800 രൂപ വരെയുള്ള ഈന്തപ്പഴങ്ങൾ വിപണിയിലുണ്ട്. മിക്കവയ്ക്കും നല്ല ഡിമാൻഡാണെന്ന് കച്ചവടക്കാർ പറയുന്നു.
വിദേശിയാണ് താരം
സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, ഒമാൻ, ടുണീഷ്യ, ഇറാൻ, അൾജീരിയ, കുവൈത്ത്, ഇറാക്ക് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഈന്തപ്പഴമെത്തുന്നത്. വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ട അജുവ ഡേറ്റ്സും വിപണിയിൽ സുലഭം; പുണ്യഭൂമിയായ മദീനയിൽ നിന്നെത്തുന്ന ഇതിന് വില കിലോയ്ക്ക് 800 രൂപ
ഒമാനിൽ നിന്നുളള കിമിയ, അറേബ്യയിലെ സഫാവി, മബ്റും, ഇറാക്കിലെ മറിയം, ജോർദാന്റെ മേജോൾ, ഇറാന്റെ ഫറാജി എന്നിവയ്ക്കും പ്രിയമുണ്ട്. പായ്ക്കറ്റിലും അല്ലാതെയും ഈന്തപ്പഴങ്ങൾ കിട്ടും.
ഇറാക്കിൽ നിന്നുള്ള സക്കായിക്ക് മധുരം കുറവാണ്; പ്രമേഹക്കാരുടെ ഇഷ്‌ട ഈന്തപ്പഴമാണിത്.
''ഇക്കുറി വിപണിയിൽ വൻതോതിൽ ഈന്തപ്പഴമെത്തി. നോമ്പ് ആരംഭിച്ചതു മുതൽ നല്ല കച്ചവടവുമുണ്ട്""
അഷറഫ് ഐരാറ്റിൽ,
ഈന്തപ്പഴ വ്യാപാരി,
മൂവാറ്റുപുഴ
അത്തിപ്പഴത്തിനും പ്രിയം
നോമ്പുതുറയിലെ മറ്റൊരു പ്രിയതാരമാണ് അത്തിപ്പഴം. അഫ്ഗാനി അത്തിപ്പഴത്തിനാണ് കൂടുതൽ ഡിമാൻഡ്. തുർക്കിയിൽ നിന്നുള്ള ആപ്രിക്കോട്ടിനും സ്വീകാര്യതയുണ്ട്. നൂറിലേറെ വ്യത്യസ്ത ഡ്രൈഫ്രൂട്ട്സും വിപണിയിൽ സുലഭം.