
ആലുവ: കെ.എസ്.ആർ.ടി.സി കെ സ്വിഫ്റ്റ് ബസുകൾ നിരത്തിലിറങ്ങിയതോടെ ആലുവയിൽ രണ്ട് ഫീഡർ സ്റ്റേഷൻ ആരംഭിച്ചു. ഇന്നലെ തായിക്കാട്ടുകര ഗാരേജ് സ്റ്റോപ്പിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് ഫീഡർ ബസ് സർവീസും ആരംഭിച്ചു.
തലസ്ഥാനത്ത് കെ. സ്വിഫ്റ്റ് ബസുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ച സാഹചര്യത്തിൽ ആലുവയിൽ ഫീഡർ ബസുകൾ സർവീസ് ആരംഭിക്കുന്നതിന് പ്രത്യേക ചടങ്ങുകളുണ്ടായില്ല. ബൈപ്പാസിലും ഗാരേജ് കവലയിലും കെ.എസ്.ആർ.ടി.സി ഫീഡർ സ്റ്റേഷൻ എന്ന് രേഖപ്പെടുത്തി കെ.എസ്.ആർ.ടി.സി ബസ് ഒരുക്കി. ഇത് ഫീഡർ ബസുകളുടെ ഓഫീസായിരിക്കും. 24 മണിക്കൂറും ജീവനക്കാരുണ്ടാകും. പഴയ ജൻറം ബസാണിത്. നേരത്തെ വരുന്ന യാത്രക്കാർക്ക് ഈ ബസിൽ കയറി വിശ്രമിക്കാം. സ്റ്റാൻഡുകളിൽ പ്രവേശിക്കാതെ പോകുന്ന കെ. സ്വിഫ്റ്റ് ബസുകൾക്കായിട്ടാണ് കെ.എസ്.ആർ.ടി.സി ഫീഡർ ബസുകളാരംഭിച്ചത്. സ്റ്റാൻഡിൽ പ്രവേശിക്കാത്ത മറ്റ് ദീർഘദൂര ബസുകളിലെ യാത്രക്കാർക്കും ആവശ്യമെങ്കിൽ ഫീഡർ ബസുകൾ ഉപയോഗിക്കാം. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്, കണ്ണൂർ, ബാംഗ്ളൂർ മേഖലകളിലേക്ക് ഓരോ മണിക്കൂർ ഇടവിട്ടും കെ. സ്വിഫ്റ്റ് ബസ് സർവീസ് നടത്തും.
കോഴിക്കോട്ടേക്ക് പോകേണ്ട ആലുവയിൽ നിന്നുള്ള കെ സ്വിഫ്റ്റ് ബസിലെ യാത്രക്കാർ ഗാരേജ് കവലയിലെത്തണം. ബൈപ്പാസിൽ സ്റ്റോപ്പില്ല. ആവശ്യമെങ്കിൽ ആലുവ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ഫീഡർ ബസിൽ ഗാരേജ് കവലയിലെത്താം. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ സ്റ്റാൻഡിലേക്കുള്ള ടിക്കറ്റിന്റെ പണം അടച്ചാൽ ഫീഡർ ബസിൽ പണം നൽകേണ്ട. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് ബൈപ്പാസിൽ സ്റ്റോപ്പുണ്ട്. ഈ ബസുകൾക്ക് ഗാരേജ് കവലയിൽ സ്റ്റോപ്പില്ല. കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകൾ നിർത്താനും ഫീഡർ ബസുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതുമാണ് ബൈപ്പാസ് സ്റ്റോപ്പ് ഒഴിവാക്കാൻ കാരണം.
ഫീഡർ സ്റ്റേഷൻ ബസുകൾക്ക് പ്രത്യേക നിറമാണ്. ഫാനും ലൈറ്റും പ്രവർത്തിക്കും. ആലുവ ബൈപ്പാസിലെ ഇന്നലെ ട്രാഫിക് കേന്ദ്രത്തിൽ നിന്ന് ഫീഡർ സ്റ്റേഷനിലേക്ക് വൈദ്യുതിയെടുത്തു. ബൈപ്പാസിലെ ഫീഡർ സ്റ്റേഷൻ ട്രാഫിക് കൺട്രോൾ യൂണിറ്റ് തൊട്ടു ചേർന്നായതിനാൽ ട്രാഫിക് പൊലീസിന്റെ മേൽനോട്ടണ്ടാകും.
ആലുവക്കാർക്ക് ദുരിതം
കെ സ്വിഫ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് പോകേണ്ട നഗരവാസി ബസ് കയറാൻ ഒന്നര കിലോമീറ്റർ അകലേ ഗാരേജ് കവലയിലെത്തണം. സൗകര്യകുറവ് മൂലമാണ് ബൈപ്പാസ് സ്റ്റോപ്പ് ഒഴിവാക്കിയത്. ബൈപ്പാസിലെ അശാസ്ത്രീയമായ നിർമ്മാണമാണ് കാരണം. പുളിഞ്ചോട് നിന്നും ദേശീയപാതയുടെ സമാന്തര റോഡ് വഴി വന്നാൽ മാർക്കറ്റ് ഭാഗത്ത് ബസ് നിർത്താൻ സൗകര്യമുണ്ട്. ഇതിനായി ബന്ധപ്പെട്ടവർ സമ്മർദ്ദം ചെലുത്താത്തതാണ് വിനയായത്.