photo

വൈപ്പിൻ: കുഴുപ്പിള്ളി, പള്ളിപ്പുറം വില്ലേജുകളിലെ സ്ഥിരതാമസക്കാരായ എണ്ണൂറിലേറെ കുടുംബങ്ങൾനേരിടുന്ന ഭൂമി പ്രതിസന്ധി പരിഹരിക്കാൻ ശക്തമായി ഇടപെടുമെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ പറഞ്ഞു. പ്രശ്‌നബാധിതരുടെ കൂട്ടായ്മയായ മുനമ്പം കടപ്പുറം ഭൂസംരക്ഷണ സമിതി വേളാങ്കണ്ണിമാത പാരിഷ്ഹാളിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു എം.എൽ.എ.

ഭൂസംബന്ധമായ റവന്യൂ നടപടികൾ മരവിപ്പിച്ചതിനാലാണ് പ്രദേശവാസികൾ ദുരിതത്തിലായത്. പ്രശ്‌നം പരിഹരിക്കുംവരെ പ്രദേശവാസികൾക്കൊപ്പം നിലകൊള്ളും. ഭൂപ്രശ്‌നം മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട മന്ത്രിമാരെയും നേരിൽക്കണ്ട് ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
404.76 ഏക്കർ ഭൂമിയിൽ തീറാധാരത്തിന്റെ പിൻബലത്തോടെ പതിറ്റാണ്ടുകളായി സ്ഥിരതാമസക്കാരായ എണ്ണൂറിൽപ്പരം കുടുംബങ്ങളുടെ കരമടവും കൈവശരേഖ ലഭ്യമാക്കുന്നതും ഉൾപ്പെടെയുള്ള സമാന റവന്യൂ ഇടപാടുകൾ പൊടുന്നനെ നിറുത്തിയതാണ് പ്രതിസന്ധിക്ക് കാരണം. ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനുവരിയിൽ വഖഫ്‌ബോർഡ് അവകാശപ്പെട്ടതിന് പിന്നാലെയാണ് പ്രതിസന്ധി ഉടലെടുത്തത്.
യോഗം ഫാ. ആന്റണി തറയിൽ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ പാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ചൂതംപറമ്പിൽ, പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെന്നി ഫ്രാൻസിസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെസ്‌ന സനൽ, ശ്രീമോൻ, വിശ്വനാഥൻ കിളിക്കോടൻ, എസ്.എൻ.ഡി.പി.യോഗം ശാഖാ പ്രതിനിധി രഞ്ജൻ ജനാർദ്ദനൻ, ജോസഫ് ബെന്നി കുറുപ്പശേരി, സോളി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.