
തൃക്കാക്കര: കാക്കനാട് വൈദ്യുത ലൈനിലേക്ക് കൂറ്റൻ വാകമരം കടപുഴകി വീണതിനെത്തുടർന്ന് വൈദ്യുത ബന്ധം മണിക്കൂറുകളോളം തകരാറിലായി. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.
കാക്കനാട് ഇൻഫോപാർക്ക് റോഡിൽ സുരഭി നഗറിൽ ഇലവൻ കെ.വി ട്രാൻസ് ഫോർമറിന് സമീപത്തെ വൈദ്യുത ലൈനിലേക്കാണ് മരം വീണത്. ഇതോടെ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
കാക്കനാട് ഫയർ സ്റ്റേഷൻ ഓഫീസർ സി.എ. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് റോഡിൽ നിന്ന് മരം മുറിച്ചുമാറ്റാനായത്. വൈദ്യുത ലൈനിലേക്ക് മരം വീണതിനെത്തുടർന്ന് കാക്കനാട് ഗവ.എൽ.പി സ്കൂളിന് സമീപത്തെയും പാട്ടുപുരക്കാവ് ക്ഷേത്രത്തിന് തെക്കുവശത്തെ ഉൾപ്പടെ മൂന്ന് വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. സുരഭി നഗർ,പാട്ടുപുര നഗർ,അത്താണി തുടങ്ങിയ പ്രദേശങ്ങളിലെ വൈദ്യതി ബന്ധം മണിക്കൂറുകളോളം തകരാറിലായി. കാക്കനാട് ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാർ എത്തി പോസ്റ്റുകൾ നീക്കം ചെയ്ത് താത്കാലിമായി വൈദ്യുതി വിതരണവും പുനരാരംഭിച്ചു.