പറവൂർ: പൗരാണികത വിളിച്ചോതുന്ന പാലിയം വിഷുമാറ്റച്ചന്ത ചേന്ദമംഗലം പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടായ മാറ്രപ്പാടത്ത് തുടങ്ങി. ഇക്കുറി ആദ്യദിനത്തിലേ ഒട്ടേറെ സ്റ്റാളുകൾ തുറന്നു. ഭരണിമുക്കിൽ നിന്ന് പാലിയം സ്കൂൾ മൈതാനിയിലേക്ക് നാടൻ കലാരൂപങ്ങൾ, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് മാറ്റച്ചന്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്. അനിൽകുമാർ, ഷാരോൺ പനയ്ക്കൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ്, അംഗങ്ങളായ വി.യു. ശ്രീജിത്ത്, ലീന വിശ്വൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ .സെയ്തു തുടങ്ങിയവർ സംസാരിച്ചു. നാട്ടുകാരുടെ കലാവിരുന്ന് ‘നാട്ടരങ്ങ് അരങ്ങേറി. ഇന്ന് വൈകിട്ട് 5.30ന് വനിതാസമ്മേളനം മീറ്റ് പ്രോഡക്ട്സ് ഒഫ് ഇന്ത്യ ചെയർപേഴ്സൺ കമല സദാനന്ദൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാസന്ധ്യ നടക്കും. നാളെ വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് മ്യൂസിക്കൽഫ്യൂഷൻ ഉണ്ടാകും. 14ന് വൈകിട്ടോടെ മാറ്റച്ചന്ത സമാപിക്കും.