മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്പെഷ്യൽ സബ് ജയിലിലെ അന്തേവാസികളെ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്. എസ് സ്കൂൾ വിദ്യാർത്ഥികൾ കാരി ബാഗ് നിർമ്മാണം പഠിപ്പിച്ചു. സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിയിരുന്നു പരിശീലനം.

കുടുംബശ്രീ, ഹരിത കർമ്മസേന, വിദ്യാർത്ഥികൾ , അദ്ധ്യാപകർ, അങ്കണവാടി പ്രവർത്തകർ , വീട്ടമ്മമാർ, വ്യാപാരി വ്യവസായികൾ,​ തൊഴിൽ രഹിതർ തുടങ്ങിയവർക്ക് മുമ്പ് വിദ്യാർത്ഥികൾ നിർമ്മാണ പരിശീലനം നൽകിയിട്ടുണ്ട്. ഇവരിലൂടെ ഒരു ലക്ഷം പേപ്പർ കാരി ബാഗുകൾ നിർമ്മിക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് ഈസ്റ്റ് മാറാടി സ്കൂൾ വിദ്യാർത്ഥികൾ.

കൂത്താട്ടുകുളം നഗരസഭയിലെയും എറണാകുളം സ്നേഹിത ജൻഡർ ക്ലബിലെയും പാമ്പാക്കുട പഞ്ചായത്തിലെയും കുടുംബശ്രീ, ഹരിതസേന, തൊഴിലുറപ്പ് അംഗങ്ങൾക്കും മറ്റ് പ്രവർത്തകർക്കും വിദ്യാർത്ഥികൾ പരിശീലനം നൽകി.

ജയിൽ അന്തേവാസികൾക്കുള്ള പേപ്പർ കാരി ബാഗ് നിർമ്മാണ പരിശീലനം ജയിൽ സൂപ്രണ്ട് ഹാരിസ് എം.എം. ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി പ്രിസൺ ഓഫീസർമാരായ ജോബി പോൾ, ഷോൺ വർഗീസ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ സന്ദീപ്, മനു, സ്കൂൾ പ്രിൻസിപ്പൽ റനിത ഗോവിന്ദ്, പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി.പി, സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലർ ഹണി വർഗീസ്, രതീഷ് വിജയൻ വിദ്യാർത്ഥികളായ ശിവാനന്ദ് സജി, ശ്രീജിത്ത് പ്രദീപ്, യദുകൃഷ്ണൻ , അജിത് എൻ .ആർ തുടങ്ങിയവർ പങ്കെടുത്തു. പരിശീലനം ആവശ്യമുളവർ 9447220332 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക