pipe
തോട്ടുമുഖത്ത് എടയപ്പുറം റോഡിൽ കിൻഫ്രയിലേക്കുള്ള പൈപ്പിടൽ ജോലി ആരംഭിച്ചതിന് പിന്നാലെ കുഴിയിൽ പുതഞ്ഞ വാഹനം തള്ളിക്കയറ്റുന്നു

ആലുവ: കാക്കനാട് കിൻഫ്രയിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് 57കോടിരൂപ ചെലവിൽ ഭൂഗർഭപൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചു. തോട്ടുമുഖം എടയപ്പുറം തുരുത്തിതോടിന് സമീപത്തുനിന്ന് ബുധനാഴ്ച്ച രാത്രിയാണ് ഭീമൻ പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്.

ആലുവ വെളിയത്തുനാട് സ്വദേശിയാണ് ഉപകരാറെടുത്തിരിക്കുന്നത്. തിങ്കളാഴ്ച്ച വൈകിട്ട് ഭൂമി പൂജയും തുടർന്ന് നിർമ്മാണോദ്ഘാടന ചടങ്ങും നടന്നു. എടയപ്പുറം ഭാഗത്തെ നാല് പഞ്ചായത്ത് അംഗങ്ങളും പദ്ധതിയുടെ കൺസൾട്ടൻസി ഏജൻസിയായ കിറ്റ്കോയുടെ ഉദ്യോഗസ്ഥരും മാത്രമാണ് പങ്കെടുത്തത്. ആലുവ - പെരുമ്പാവൂർ ദേശസാത്കൃത റോഡിൽ തോട്ടുമുഖത്ത് നിന്ന് ആലുവ - പെരുമ്പാവൂർ സ്വകാര്യബസ് റൂട്ടിൽ അശോകപുരം കൊച്ചിൻബാങ്ക് കവലവരെ 2.65 കിലോമീറ്റർ നീളുന്ന എടയപ്പുറം റോഡിൽ പൈപ്പ് സ്ഥാപിക്കൽ മേയ് 15ന് മുമ്പ് പൂർത്തീകരിക്കാനാണ് തീരുമാനം. തോട്ടുമുഖത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലം ഏറ്റെടുത്ത് കുടിവെള്ള സംസ്കരണശാല സ്ഥാപിച്ചും കിൻഫ്രയിൽ സംഭരണ ന്ദ്രവും സ്ഥാപിച്ചശേഷമേ പദ്ധതി യാഥാർത്ഥ്യമാകൂ.

മൂന്ന് വർഷത്തിലേറെയായി പദ്ധതി പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. മന്ത്രി പി. രാജീവ് ഇടപ്പെട്ട് വാട്ടർ അതോറിട്ടി, പി.ഡബ്ള ്യു.ഡി, കിൻഫ്ര, കിറ്റ്കോ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്താണ് പദ്ധതി വേഗത്തിലാക്കാൻ തീരുമാനമായത്. എടയപ്പുറം റോഡ് ബി.എം ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തുന്നതിന് പി.ഡബ്ള ്യു.ഡി രണ്ടുകോടിരൂപ അനുവദിച്ചെങ്കിലും കിൻഫ്ര കുടിവെള്ളപദ്ധതിയുടെ പേരിൽ അനിശ്ചിതത്വത്തിലാകുകയായിരുന്നു. പൈപ്പിടൽ പൂർത്തീകരിച്ചശേഷം ടാറിംഗ് നടത്തിയാൽ മതിയെന്ന് കാണിച്ച് കിൻഫ്രയും വാട്ടർ അതോറിട്ടിയും പി.ഡബ്ള ്യു.ഡിക്ക് കത്ത് നൽകിയിരുന്നു. ടാറിംഗ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയർന്നപ്പോൾ റോഡ് അറ്റകുറ്റപ്പണിക്ക് കിൻഫ്ര 19 ലക്ഷം രൂപ പി.ഡബ്ള ്യു.ഡിയിൽ അടച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇതുവരെ ഉപയോഗിക്കാനായില്ല.

റോഡിന് നടുവിലൂടെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൈപ്പിടുന്ന ഭാഗം അതേദിവസംതന്നെ മണ്ണിട്ട് മൂടുമെങ്കിലും മഴ ആരംഭിച്ചതിനാൽ വാഹനങ്ങൾ കുഴിയിൽ പുതയുന്ന സ്ഥിതിയാണ്.30 മീറ്റർ മാത്രം പൈപ്പ് ഇട്ടപ്പോൾ ഇന്നലെ രാവിലെതന്നെ തടിയുമായി വന്ന മിനിലോറി പുതഞ്ഞു. നാട്ടുകാർചേർന്ന് തള്ളിയാണ് വാഹനം കയറ്റിവിട്ടത്. നാട്ടുകാർ ആശങ്കയിലും പ്രതിഷേധത്തിലുമാണ്.