waste

 ബയോമെനിംഗിനെ ചൊല്ലി വീണ്ടും തർക്കം

കൊച്ചി: ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള ബയോമൈനിംഗിനെ ചൊല്ലി വീണ്ടും വിവാദം. മലിനീകരണ നിയന്ത്രണബോർഡിന്റെ (പി.സി.ബി) മാർഗനിർദ്ദേശങ്ങൾ കമ്പനി പാലിക്കുന്നില്ലെന്നാണ് പരാതി.

സോൺറ്റ ഇൻഫ്രാടെക് കമ്പനിക്കാണ് ബയോമൈനിംഗ് കരാർ. മൂന്നുമാസം മുമ്പ് പ്രവൃത്തികൾ ആരംഭിച്ചു. 30 ശതമാനം തീർന്നെന്നും 25 ഏക്കറോളം സ്ഥലത്തെ മാലിന്യം നീക്കിയെന്നും കമ്പനി പറയുന്നു. ഇതിന്,​ ആറു കോടി രൂപ കോർപ്പറേഷൻ നൽകിയിട്ടുമുണ്ട്.

ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവനുസരിച്ച് പി.സി.ബിയുടെ മേൽനോട്ടത്തിലാണ് ബയോമൈനിംഗ് പ്രവർത്തനങ്ങൾ. 24 മാർഗനിർദ്ദേശങ്ങളാണ് ജനുവരി ആദ്യംചേർന്ന സാങ്കേതികസമിതി മുന്നോട്ടുവച്ചത്. എല്ലാ ആഴ്ചയിലും പ്രവർത്തന റിപ്പോർട്ട് നൽകണമെന്നാണ് പ്രധാന നിർദ്ദേശം. മൂന്നുമാസമായിട്ടും ഒറ്റ റിപ്പോർട്ടും ലഭിക്കാത്തതാണ് പി.സി.ബിയെ ചൊടിപ്പിച്ചത്.

തുടരുന്ന തലവേദന

ബ്രഹ്മപുരത്ത് അഞ്ചുലക്ഷം ഘനമീറ്ററിന് മുകളിൽ മാലിന്യമാണ് കെട്ടിക്കിടക്കുന്നത്. ബയോമൈനിംഗിലൂടെ ഇത് സംസ്കരിക്കാൻ 55 കോടി രൂപയുടെ കരാറാണ് കോർപ്പറേഷൻ നൽകിയത്.

ബയോമൈനിംഗ്
കെട്ടിക്കിടക്കുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്ന പ്രക്രിയ. ലോഹങ്ങൾ, പ്ലാസ്റ്റിക്, റബർ തുടങ്ങിയവ യന്ത്രസഹായത്തോടെ വേർതിരിക്കും. പുനരുപയോഗിക്കാവുന്നവ അത്തരം ആവശ്യങ്ങൾക്ക് നൽകും.

പ്ലാസ്റ്റിക് ഉൾപ്പെടെ മറ്റുള്ളവ റെഫ്യൂസ് ഡിറൈവ്ഡ് ഫ്യുവൽ (ആർ.ഡി.എഫ്) ആയി സിമന്റ് കമ്പനികളിലും വൈദ്യുതി പ്ലാന്റുകളിലും ഉപയോഗിക്കും. മണ്ണിൽ ലയിച്ചുചേരുന്ന മാലിന്യം കുഴിയെടുത്ത് മൂടും.

പ്രശ്‌നം പരിഹരിക്കും

കോർപ്പറേഷനിലെയും അഞ്ച് മുനിസിപ്പാലിറ്റികളിലെയും മൂന്ന് പഞ്ചായത്തുകളിലെയും മാലിന്യം സംസ്‌കരിക്കുന്നത് ബ്രഹ്മപുരത്താണ്. സ്വകാര്യകമ്പനിയുടെ വീഴ്ചയുടെ പേരിൽ മാലിന്യസംസ്‌കരണം നിറുത്തിവയ്ക്കാൻ ആവശ്യപ്പെടില്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും പി.സി.ബി അധികൃതർ പറഞ്ഞു.