
സ്ഥിതി ഗുരുതരമെന്ന് നിയമസഭാ സമിതിയുടെ റിപ്പോർട്ട്
കൊച്ചി: ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിലെ അപാകത കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ സാദ്ധ്യതയെന്ന് നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ട്.
ബയോമെഡിക്കൽ മാലിന്യ നിർമ്മാർജ്ജനച്ചട്ടം 2016 അനുസരിച്ച് ഓരോ 75 കിലോമീറ്ററിലും ഒരു സംസ്കരണ പ്ലാന്റ് വേണം. സംസ്ഥാനത്താകെ രണ്ട് കേന്ദ്രങ്ങൾ മാത്രമേയുള്ളൂ - ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പാലക്കാട്ടെ 'ഇമേജും" കൊച്ചി അമ്പലമുകളിലെ കേരള എൻവിയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും. തമിഴ്നാട്, കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലായി 198 പ്ലാന്റുകൾ പ്രവർത്തിക്കുന്ന സ്ഥാനത്താണിത്.
2003ൽ തുടങ്ങിയ ഇമേജിൽ പ്രതിദിനം 37- 55 ടണ്ണും അമ്പലമുകളിൽ 16 ടണ്ണും സംസ്കരിക്കാം. 14 ജില്ലകളിലെയും സ്വകാര്യ ആശുപത്രികളിലെ മാലിന്യവും ഒമ്പത് ജില്ലകളിലെ സർക്കാർ ആശുപത്രി മാലിന്യവും ഇമേജിൽ എത്തുന്നു. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സർക്കാർ ആശുപത്രികളിലെ മാലിന്യമാണ് അമ്പലമുകളിൽ സംസ്കരിക്കുന്നത്.
ആശുപത്രി, ലബോറട്ടറി, മോർച്ചറി, ബ്ലഡ് ബാങ്ക്, മൃഗാശുപത്രി, കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ, വാക്സിനേഷൻ ക്യാമ്പ് എന്നിവിടങ്ങളിൽ നിന്ന് ഉപേക്ഷിച്ച പ്രതിരോധ സാമഗ്രികളുടെയും ഉപകരണങ്ങളുടെയും വൻകൂമ്പാരം പല നഗരങ്ങളിലുമുണ്ടെന്ന് സമിതി പറയുന്നു.
താത്കാലിക കൊവിഡ് ചികിത്സാകേന്ദ്രങ്ങൾ, പരിശോധന കേന്ദ്രങ്ങൾ, രോഗബാധിതർ ക്വാറന്റൈനിൽ താമസിച്ച വീടുകൾ എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ മാലിന്യം നേരത്തെ പൊതുമാലിന്യത്തിനൊപ്പമാണ് സംസ്കരിച്ചത്. സാംക്രമിക രോഗങ്ങളുമായി ബന്ധപ്പെട്ട മാലിന്യം മറ്റ് മാലിന്യങ്ങളുമായി കൂട്ടിക്കലർത്തുന്നത് മനുഷ്യനും പ്രകൃതിക്കും ഒരുപോലെ അപകടമാണെന്നും റിപ്പോർട്ടിലുണ്ട്.
പ്രതിവർഷം 52 ലക്ഷം മരണം
സിറിഞ്ചുകൾ അലക്ഷ്യമായി ഉപേക്ഷിക്കുന്നതുകാരണം 21 ദശലക്ഷം പേർക്ക് ഹെപ്പറ്റൈറ്റിസ് ബിയും 20 ലക്ഷം പേർക്ക് ഹെപ്പറ്റൈറ്റിസ് സിയും 2.60 ലക്ഷം പേർക്ക് എയ്ഡ്സും പിടിപെടുന്നതായി ലോകാരോഗ്യ സംഘടന പറയുന്നു. ഇവരിൽ 40 ലക്ഷം കുട്ടികൾ ഉൾപ്പെടെ 52 ലക്ഷംപേർ പ്രതിവർഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്.
562 കോടി പൊടിച്ചിട്ടും
2020-21 സാമ്പത്തിക വർഷം മാലിന്യസംസ്കരണത്തിന് സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ 562.4 കോടി രൂപ ചെലവഴിച്ചിട്ടും കൊവിഡ് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാനായില്ലെന്നാണ് വിലയിരുത്തൽ.