മൂവാറ്റുപുഴ: മേടമാസ പുലരിയിൽ പൊൻക്കണിയൊരുക്കി വിഷുവിനെ വരവേൽക്കാൻ പൈങ്ങോട്ടൂർ കണിവെള്ളരി വിപണിയിലേയ്ക്ക്. പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്തിലെ പൈങ്ങോട്ടൂർ, കടവൂർ, സൗത്ത് പുന്നമറ്റം പാടശേഖരങ്ങളിൽ സ്വർണ്ണ വർണ്ണത്തിൽ വിളഞ്ഞ് നിൽക്കുന്ന ആയിരകണക്കിന് കണിവെള്ളരി കണ്ണിനും മനസിനും കുളിർമയേകുന്നു.
പൈങ്ങോട്ടൂരിൽ നിന്നുള്ള 20 ടണ്ണോളം കണി വെള്ളരിയാണ് ഇക്കുറി വിപണിയിലെത്തുന്നത്. പൈങ്ങോട്ടൂർ കൃഷി ഭവന് കീഴിലുള്ള സമൃദ്ധി പച്ചക്കറി ക്ലസ്റ്റർ അംഗങ്ങളായ കടവൂർ പുള്ളോലിക്കൽ ജേക്കബ്, മുള്ളൻ പുറത്ത് രാജു, പുളിൻചാലിൽ ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പൈങ്ങോട്ടൂർ, കടവൂർ, സൗത്ത് പുന്നമറ്റം പാടശേഖരത്തിൽ നെൽകൃഷിക്ക് ശേഷം കണി വെള്ളരി കൃഷിയൊരുക്കിയത്.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണമില്ലാത്ത വിഷുക്കാലമായതിനാൽ ഏറെ പ്രതീക്ഷയിലാണ് കണിവെള്ളരി കർഷകരും വ്യാപാരികളും. മുൻകാലങ്ങളിൽ വിഷുക്കാലത്ത് കണിവെള്ളരിക്ക് മികച്ച വില ലഭിക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു വർഷവും വിഷുവിന്റെ നിറം മങ്ങിയതോടെ കർഷകരുടെ പ്രതീക്ഷയാകെ താളം തെറ്റിച്ചിരുന്നു.
ജനങ്ങൾ പുറത്തിറങ്ങാതായതോടെ വിളവെടുത്ത കണിവെള്ളരിക്ക് ആവശ്യക്കാർ ഇല്ലാതാവുകയും കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിവാക്കുകയുമായിരുന്നു. എന്നാൽ ഇത്തവണ സ്ഥിതി മെച്ചപ്പെട്ടതിന്റെ ആശ്വാസമുണ്ട്.
ഇന്നലെ വിളവെടുത്ത കണിവെള്ളരി കിലോഗ്രാമിന് 20- 15 രൂപയാണു ലഭിച്ചത്. മൂവാറ്റുപുഴ, തൊടുപുഴ ഓപ്പൺ മാർക്കറ്റ്, കടവൂർ ക്ലസ്റ്റർ മാർക്കറ്റ്, പോത്താനിക്കാട് വി.എഫ്.പി.സി.കെ മാർക്കറ്റ്, മൂവാറ്റുപുഴ ഇ.ഇ.സി മാർക്കറ്റ് എന്നീ വിപണികളിൽ ഇക്കുറി പൈങ്ങോട്ടൂരിന്റെ കണിവെള്ളരി സ്ഥാനം പിടിച്ചു കഴിഞ്ഞു.
അതേസമയം അടുത്ത ദിവസങ്ങളിൽ മൈസൂരു, മഞ്ചേരി എന്നിവിടങ്ങളിൽനിന്നു കൂടുതൽ കണിവെള്ളരി എത്തിയാൽ വില ഇടിയാൻ സാദ്ധ്യതയുണ്ടെന്നും കർഷകർ പറയുന്നു. കണിവെള്ളരി ഇല്ലാതെ കണിയൊരുക്കാൻ മലയാളിക്കാകില്ല. അതുകൊണ്ടുതന്നെ വിഷുകാലത്ത് കണിവെള്ളരിക്ക് ആവശ്യക്കാരേറെയാണ്. 60 ദിവസം പൂർത്തിയാകുമ്പോൾ കണിവെള്ളരി പൂർണ്ണമായും സ്വർണ്ണവർണ്ണമണിയും.