കൊച്ചി: കുട്ടനാട്ടിൽ വിളവ് നശിച്ചതും സാമ്പത്തിക പ്രതിസന്ധിയുംമൂലം കർഷകൻ ആത്മഹത്യ ചെയ്യാനിടയായത് കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായധനം വേണ്ടവണ്ണം വിതരണം ചെയ്യുന്നതിൽ സംസ്ഥാനസർക്കാരും കൃഷിവകുപ്പും ഗുരുതരമായ അനാസ്ഥ വരുത്തിയതിന്റെ ഫലമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. കർഷകമോർച്ച ദേശീയ പ്രതിനിധി സമ്മേളനത്തിന്റെയും കർഷക മഹാസമ്മേളനത്തിന്റെയും സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആദ്യ പിണറായി സർക്കാരിന്റെ ആദ്യവർഷം കർഷകർക്ക് ലഭിക്കേണ്ട 2000 കോടി രൂപയുടെ കേന്ദ്രഫണ്ട് ലാപ്സായി. കർഷകരുടെ നഷ്ടം യഥാസമയം കണ്ടെത്തി കൃത്യമായ വിവരങ്ങൾ ശേഖരിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകുന്നതിനോ ശ്രമിച്ചില്ല. കർഷകസമരത്തിന് പിന്തുണയുമായി പോകുന്നവർ കേരളത്തിലെ കർഷകരെ ദ്രോഹിക്കുകയാണ്. ശരിയായ സമയത്ത് ഉത്പന്നങ്ങൾ സംഭരിക്കാതെ ന്യായവിലയ്ക്ക് പച്ചക്കറി ഉൾപ്പടെ സംഭരിക്കുന്നതിന് നടപടി സ്വീകരിക്കാത്ത പിണറായി സർക്കാർ കർഷകരെ ദ്രോഹിക്കുന്ന സർക്കാരായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി ആർ. നായർ അദ്ധ്യക്ഷത വഹിച്ചു.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ, ദേശീയ കൗൺസിൽ അംഗം പി.എം. വേലായുധൻ, കർഷകമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. അജിഘോഷ്, വൈസ് പ്രസിഡന്റ് എം.വി. രാമചന്ദ്രൻ, സെക്രട്ടറി എം.വി. രഞ്ജിത്, ട്രഷറർ ജി.രാജ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.