
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നടൻ ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല. ചോദ്യംചെയ്യേണ്ട സ്ഥലം സംബന്ധിച്ച് ധാരണയിലെത്താത്തതാണ് കാരണം. ആലുവയിലെ ഭർത്തൃവീടായ പത്മസരോവരത്തിൽ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യയുടെ നിലപാട്. കേസിൽ പ്രതിയായ ദിലീപിന്റെ വീട്ടിൽ വച്ച് ശബ്ദരേഖയുൾപ്പെടെ കേൾപ്പിച്ചുള്ള വിവരശേഖരണം അന്വേഷണത്തെ ബാധിക്കുമെന്ന വിലയിരുത്തലിൽ ആലുവ പൊലീസ് ക്ലബ്ബോ ഇരുകൂട്ടർക്കും സൗകര്യമുള്ള മറ്റൊരിടമോ ആണ് ക്രൈംബ്രാഞ്ച് മുന്നോട്ട് വച്ചത്. എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നെങ്കിലും സ്ഥലം സംബന്ധിച്ച് തീരുമാനമായില്ല.
ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകി. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷം കാവ്യയെ വിളിപ്പിച്ചാൽ മതിയെന്ന് അന്വേഷണസംഘം തീരുമാനത്തിലെത്തിയതായും അറിയുന്നു.
സായ് ഹാജരായില്ല
വധഗൂഢാലോചന കേസിൽ ദിലീപിനും അഭിഭാഷകർക്കുമെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയ കേസിലെ ഏഴാം പ്രതിയും സൈബർ വിദഗ്ദ്ധനുമായ സായ് ശങ്കർ ഇന്നലെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങളാൽ ചോദ്യംചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് സായ് ആവശ്യപ്പെട്ടിരുന്നു. ദിലീപിന്റെ ഫോണിലെ രേഖകൾ താൻ നശിപ്പിച്ചതായി സായ് നേരത്തെ മൊഴി നൽകിയിരുന്നു. സായ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷം ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.
സായ് ശങ്കറിന്റെ മുൻകൂർ
ജാമ്യാപേക്ഷകൾ മാറ്റി
കൊച്ചി: രണ്ട് സാമ്പത്തിക തട്ടിപ്പു കേസുകളിൽ സൈബർ വിദഗ്ദ്ധൻ സായ് ശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഏപ്രിൽ 22നു പരിഗണിക്കാൻ മാറ്റി. എറണാകുളം വാഴക്കാല സ്വദേശി അസ്ലമിൽ നിന്ന് 27 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലും ഇലക്ട്രോണിക് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്ത് കോഴിക്കോട് സ്വദേശി എം.കെ. മിൻഹാജിൽ നിന്ന് 36 ലക്ഷം രൂപ തട്ടിയെന്ന കേസിലുമാണിത്. ജസ്റ്റിസ് കെ.ബാബുവാണ് ഹർജികൾ പരിഗണിച്ചത്. നടൻ ദിലീപിന്റെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ നീക്കം ചെയ്തത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
നടിയെ ആക്രമിച്ച കേസിലെ വിവരച്ചോർച്ച:
വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നൽകിയ അപേക്ഷ മാദ്ധ്യമങ്ങൾക്കു ലഭിച്ച സംഭവത്തിൽ അന്വേഷണോദ്യോഗസ്ഥൻ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി. അന്വേഷണത്തിന്റെ മേൽനോട്ടച്ചുമതലയുള്ള ക്രൈംബ്രാഞ്ച് എ.ഡി.ജി.പി റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച എറണാകുളം സ്പെഷ്യൽ അഡി. സെഷൻസ് കോടതി കേസ് ഏപ്രിൽ 18ലേക്ക് മാറ്റി.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനിടെ ദിലീപിന്റെ ഫോണിൽ നിന്ന് ചില കോടതി രേഖകൾ കണ്ടെത്തിയിരുന്നു. കോടതിയിൽ നിന്ന് ഈ രേഖകൾ ചോർന്നതാണെന്നു വ്യക്തമാക്കി കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുമതി തേടി ബൈജു പൗലോസ് വിചാരണക്കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ അതേപടി ദൃശ്യമാദ്ധ്യമങ്ങൾക്ക് ലഭിച്ചെന്നാണ് ആരോപണം.
ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ
ക്രൈംബ്രാഞ്ചിന്റെ ഹർജി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളെ സ്വാധീനിക്കാനും വിചാരണ നടപടികൾ അട്ടിമറിക്കാനും ദിലീപ് ശ്രമിച്ചെന്ന് ഹർജിയിൽ പറയുന്നു. 2017ൽ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോൾ സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ശ്രമിക്കരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസും ദിലീപിനെതിരെയുണ്ട്. ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകൾ പുറത്തു വന്ന സാഹചര്യത്തിൽ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കും.