കൊച്ചി: സി.പി.എം അവകാശപ്പെട്ട ദളിത് പ്രേമത്തിന്റെ മുഖംമൂടിയാണ് 23-ാം പാർട്ടി കോൺഗ്രസിലൂടെ അഴിഞ്ഞുവീണതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ ബി.ജെ.പി സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ റിസോഴ്സ് പേഴ്സൺമാർക്കുമായി സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം പൊളിറ്റ് ബ്യൂറോയിൽ ഒരു പട്ടികജാതിക്കാരനെ ഉൾപ്പെടുത്താൻ 23-ാം പാർട്ടി കോൺഗ്രസ് വരെ എന്തുകൊണ്ട് വൈകിയെന്ന് ജനങ്ങളോട് പറയണം. പട്ടികജാതിക്കാരും സാധാരണക്കാരും വളർത്തിക്കൊണ്ടുവന്ന സി.പി.എമ്മിന്റെ തലപ്പത്ത് നാളിതുവരെ ഇരുന്നതത്രയും ഉന്നതകുലജാതരായിരുന്നു. എന്നിട്ടും മാറുമറയ്ക്കാനുള്ള അവകാശവും ക്ഷേത്രപ്രവേശനത്തിനുള്ള അവസരവുമൊക്കെയുണ്ടാക്കിയത് തങ്ങളാണെന്ന് പറഞ്ഞ് സി.പി.എം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സാമൂഹ്യപരിഷ്‌കർത്താക്കളും നവോത്ഥാന നായകന്മാരും നടത്തിയ ഉജ്വലമായ പോരാട്ടങ്ങളാണ് പട്ടികജാതിക്കാർക്കും പിന്നാക്ക ജനവിഭാഗങ്ങൾക്കും ഈ അവകാശങ്ങൾ നേടിക്കൊടുത്തത്.
ഏറ്റവുമധികം പട്ടികജാതി എം.പിമാരുള്ള പാർട്ടിയും ഏറ്റവുമധികം ദളിതരെ ജനറൽ സീറ്റുകളിൽ മത്സരിപ്പിച്ച പാർട്ടിയും ബി.ജെ.പിയാണ്. വസ്തുത ഇതായിരിക്കെ ബി.ജെ.പി വരേണ്യവർഗത്തിന്റെ പാർട്ടിയാണെന്ന് സി.പി.എമ്മും കേരളത്തിലെ മാദ്ധ്യമങ്ങളും കള്ളപ്രചാരണം നടത്തുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ ബി.ജെ.പിയുടെ ഏറ്റവും താഴെത്തട്ടിലുള്ള പ്രവർത്തകന്മാരെ ബോധവത്കരിക്കുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജന.സെക്രട്ടറിമാരായ എം.ടി, രമേശ്, അഡ്വ.പി. സുധീർ, സി. കൃഷ്ണകുമാർ, അഡ്വ. ജോർജ് കുര്യൻ, സംഘടന ജനറൽ സെക്രട്ടറി എം. ഗണേശൻ എന്നിവർ ക്ലാസെടുത്തു.