മട്ടാഞ്ചേരി: കൊച്ചിയിൽ ഭക്ഷ്യവകുപ്പിൽ നടക്കുന്ന റേഷൻ കരിഞ്ചന്തയും സപ്ളൈകോ മാവേലി ഗോഡൗണിൽ നടന്ന ലക്ഷങ്ങളുടെ വെളിച്ചെണ്ണ തിരിമറിയിലും സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കാനെത്തിയതാണ് സുരേന്ദ്രൻ. നരേന്ദ്രമോദി സർക്കാർ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് സൗജന്യ ഭക്ഷ്യ വിതരണം. റേഷൻ തിരിമറിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. സംസ്ഥാനസർക്കാർ ഇക്കാര്യത്തിൽ ശക്തമായ ഇടപെടലുകൾ നടത്തുന്നില്ല. സാധനങ്ങൾ കരിഞ്ചന്തയിലും മറ്റും പോകുന്നതിനാൽ യഥാർഥ ഗുണഭോക്താക്കൾക്ക് റേഷൻ ലഭിക്കാത്ത സാഹചര്യമുണ്ട്.
ജനങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം തട്ടിയെടുക്കുന്ന വലിയ മാഫിയസംഘം സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. അവർക്കെതിരെ സർക്കാർ നടപടിയെടുക്കാതെ സർക്കാർ അഴിമതിക്ക് കൂട്ട് നിൽക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞദിവസം കൊച്ചിയിലെ കരുവേലിപ്പടി സപ്ളൈകോയുടെ മാവേലി സംഭരണശാലയിൽ ലക്ഷങ്ങളുടെ ക്രമക്കേട് മിന്നൽ പരിശോധനയിൽ കണ്ടെത്തിയിരുന്നു. കിറ്റിലേക്കുള്ള വെളിച്ചെണ്ണ പാക്കറ്റുകളുടെ ഇരുന്നൂറോളം പെട്ടി കാണാതായെന്നാണ് കണ്ടെത്തൽ. കൊച്ചിയിൽ റേഷൻധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽക്കാനുള്ള ശ്രമവും പൊലിസ് പിടികൂടിയിരുന്നു.