 സർവീസ് പുനരാരംഭിക്കാൻ മുറവിളി ശക്തം

കൊച്ചി: കൊവിഡിന്റെ മറവിൽ റെയിൽവേ നിറുത്തലാക്കിയ പാസഞ്ചർ, മെമു സർവീസുകൾ പുനരാരാരംഭിക്കണമെന്ന ആവശ്യം ശക്തം. തിരുവനന്തപുരം ഡിവിഷനിലെ 32 പാസഞ്ചറുകൾ ഇനിയും സർവീസ് പുനരാരംഭിച്ചിട്ടില്ല.

എറണാകുളം - ആലപ്പുഴ- കായംകുളം, എറണാകുളം -കോട്ടയം, എറണാകുളം - ഗുരുവായൂർ തുടങ്ങി വൻതിരക്കുണ്ടായിരുന്ന പാസഞ്ചർ സർവീസുകളാണ് ആയിരക്കണക്കിന് യാത്രക്കാരെ പ്രതിസന്ധിയിലാക്കി റെയിൽവേ നിറുത്തിക്കളഞ്ഞത്.

എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വൈകിട്ട് ആറിന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇല്ലാതായതോടെ നിരവധി വനിതാ യാത്രക്കാർ പലരും ജോലി ഉപേക്ഷിച്ചു. ഇരുചക്ര വാഹനയാത്രികർക്ക് ദിനംപ്രതിയുള്ള ഇന്ധനവില വർദ്ധന വൻതിരിച്ചടിയായി. യാത്രക്കാർക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും കൊവിഡിൽ റെയിൽവേ റദ്ദാക്കി. സാധാരണക്കാരന്റെ ആശ്രയമായിരുന്ന പാസഞ്ചർ ട്രെയിനുകൾ ഓർമ്മയായിട്ട് രണ്ടുവർഷമായി.

ഹാൾട്ട് സ്റ്റേഷനുകൾ ഇനി ഓർമ്മ!

കൊവിഡിന് ശേഷം രാജ്യമൊട്ടാകെ 119 പാസഞ്ചറുകൾ റെയിൽവേ പുനരാരംഭിച്ചപ്പോൾ കേരളത്തിന് ലഭിച്ചത് തിരുവനന്തപുരം -നാഗർകോവിൽ ട്രെയിൻ മാത്രം. സ്ഥിരയാത്രക്കാരായ നിരവധിയാളുകൾക്ക് ആശ്വാസമായിരുന്ന ഹാൾട്ട് സ്റ്റേഷനുകളും (ചെറു സ്‌റ്റേഷനുകൾ)​ റദ്ദാക്കിയ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഓർമ്മയിലേക്ക് മറഞ്ഞു. 60 വർഷമായുള്ള സ്‌റ്റേഷനുകളിലാണ് ഇപ്പോൾ ട്രെയിനുകൾക്ക് സ്‌റ്റോപ്പില്ലാതായത്.

''കോട്ടയം, ഷൊർണൂർ, നിലമ്പൂർ പാസഞ്ചറുകൾ ഒരൊറ്റ ട്രെയിനാക്കി. പാസഞ്ചർ എക്സ്‌പ്രസ് ട്രെയിനാക്കിയതും യാത്രക്കാർക്ക് തിരിച്ചടിയാണ്""

കെ.ജെ. പോൾ മാൻവട്ടം,​

പ്രസിഡന്റ്,​

ഓൾ കേരള റെയിൽവേ യൂസേഴ്സ് അസോസിയേഷൻ

പ്രതിഷേധം ഇന്ന്

യാത്രാദുരിതം അനുഭവിക്കുന്ന ആലപ്പുഴക്കാർക്ക് ഐക്യദാർഢ്യവുമായി

യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ ആഭിമുഖ്യത്തിൽ ഇന്നുരാവിലെ 9ന് എറണാകുളം സൗത്ത് ജംഗ്ഷനിൽ പ്രതിഷേധിക്കും. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. സോഷ്യൽമീഡിയയിലും ശക്തമായ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. പരാതി ബുക്കിൽ പ്രതിഷേധം രേഖപ്പെടുത്തും.