ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിൽ ഭരണ സമിതിയുടെ അനുമതിയില്ലാതെ അനാവശ്യമായ പദ്ധതികൾ ഏറ്റെടുത്ത ചെയ്ത ഭരണ നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ ഭരണസമിതി യോഗം തടസപ്പെടുത്തി വേദിക്കു മുന്നിൽ കുത്തിയിരുന്നു. പഞ്ചായത്തിലെ നിർദ്ധനകുടുംബങ്ങളുടെ വീട് അറ്റകുറ്റപ്പണിക്ക് സഹായം നൽകുന്നതിന് ഫണ്ട് വകയിരുത്തുന്നതിന് ഭരണസമിതിയിൽ നേരത്തെ ചർച്ച നടത്തിയിരുന്നു. വാർഡു തലത്തിൽ ഗുണഭോക്താക്കളെ നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഈ പദ്ധതി ഒഴിവാക്കിയ ഇടതുപക്ഷ ഭരണ നേതൃത്വം കരുമാല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ച് അധിക ബാദ്ധ്യത ഏറ്റെടുത്തതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്.
2018 ൽ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയപ്പോൾ ജീവനക്കാരുടെ അപര്യാപ്തത പരിഹരിക്കാനാണ് താത്കാലികമായി മൂന്നു പേരെ പഞ്ചായത്ത് നിയമിച്ചതെന്നാണ് പഞ്ചായത്തിന്റെ പക്ഷം. പഞ്ചായത്ത് ഭരണസമിതി അറിയാതെ 22,900 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. ഇതുവഴി അധിക ബാദ്ധ്യതയായിവരുന്ന 9 ലക്ഷംകൊണ്ട് 18 കുടുംബങ്ങൾക്ക് വീട് അറ്റകുറ്റപ്പണിക്ക് സഹായം നൽകാനാകുമെന്ന് യു.ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ എ.എം. അലി പറഞ്ഞു. കമ്മിറ്റിയിൽ ആലോചിക്കാത്ത വിഷയം മിനിറ്റ്‌സിൽ അനധികൃതമായി എഴുതി ചേർത്തെന്ന് ആരോപിച്ച് ജില്ലാ പ്ലാനിംഗ് ഓഫീസർക്ക് പരാതി നൽകി. യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷം ഹാളിന് മുന്നിൽ ധർണ്ണ നടത്തി. ബീനാ ബാബു, കെ.എ. ജോസഫ്, ടി.എ. മുജീബ്, കെ.എം. ലൈജു, ജി.വി. പോൾസൺ, ഇ.എം. അബ്ദുൾ സലാം, നദീറാ ബീരാൻ തുടങ്ങിയവർ പ്രസംഗിച്ചു.