പറവൂർ: പറവൂരിൽ കുടുംബകോടതിയുടെ പ്രവർത്തനം ആരംഭിക്കുവാൻ ജീവനക്കാരുടെ ഇരുപത്തിയൊന്ന് തസ്തികകൾക്ക് അനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ അനുമതി ലഭിച്ചത്. കുടുംബകോടതിയുമായി ബദ്ധപ്പെട്ട് കേസുകൾക്ക് താലൂക്കിലുള്ളവർ എറണാകുളത്തും തൃശൂരിലും പോകേണ്ട അവസ്ഥയായിരുന്നു. ജീവനക്കാരെ നിയമിക്കാതിരുന്നതുമൂലം കോടതിയുടെ പ്രവർത്തനം ആരംഭിക്കുവാൻ സാധിച്ചില്ല. കോടതി പ്രവർത്തിക്കുവാനുള്ള സ്ഥലം കണ്ടെത്തി ജീവനക്കാരുടെ നിയമനം പൂർത്തിയാകുന്ന മുറക്ക് കോടതിയുടെ പ്രവർത്തനം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

പറവൂരിൽ കുടുംബകോടതി ആരംഭിക്കാൻ 2022ലെ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായി. പറവൂർ താലൂക്കിലെ പറവൂർ, ഏലൂർ എന്നീ മുനിസിപ്പാലിറ്റി, കരുമാലൂർ, കടുങ്ങലൂർ, കുന്നുകര, ആലങ്ങാട്, പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, കൊച്ചി താലൂക്കിലെ പള്ളിപ്പുറം, കുഴപ്പിള്ളി എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ മുൻനിറുത്തിയാണ് സർക്കാർ കുടുംബ കോടതി ആരംഭിക്കാൻ തുരുമാനിച്ചത്. കുടുംബകോടതി പറവൂരിൽ ആരംഭിക്കാൻ പ്രത്യേകം താത്പര്യം എടുത്ത സംസ്ഥാന സർക്കാരിനും നിയമമന്ത്രിക്കും ആൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ പറവൂർ യൂണിറ്റ് ഭാരവാഹികളായ അഡ്വ. ടി.ജി. അനൂപ്, അഡ്വ. ശ്രീറാം എന്നിവർ നന്ദി അറിയിച്ചു.