പറവൂർ: ഏകലോകത്തെക്കുറിച്ചുള്ള ആശയം മുന്നോട്ടുവച്ച പണ്ഡിത ശ്രേഷ്ഠനാണ് കേസരി എ. ബാലകൃഷ്ണപിള്ളയെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ പറഞ്ഞു. പറവൂരിൽ കേസരി ബാലകൃഷ്ണപിള്ളയുടെ 133-ാം ജന്മവാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടകസമിതി ചെയർമാൻ എസ്. ശർമ്മ അദ്ധ്യക്ഷത വഹിച്ചു. യുദ്ധവും സമാധാനവും എന്ന വിഷയത്തിൽ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം സന്തോഷ് ജോർജ് കുളങ്ങര പ്രഭാഷണം നടത്തി.

കേസരി സ്മാരക ട്രസ്റ്റ് ഭാരവാഹി എസ്.പി. നായരെ മംഗളപത്രം സമർപ്പിച്ച് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സിപ്പി പള്ളിപ്പുറം ആദരിച്ചു. സംഘാടക സമിതി സെക്രട്ടറി പൂയപ്പിള്ളി തങ്കപ്പൻ, ഡോ. സുനിൽ പി. ഇളയിടം,​ സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, ടി.ആർ. ബോസ്, എ.എസ്. അനിൽകുമാർ, യേശുദാസ് പറപ്പിള്ളി, ഷാരോൺ പനയ്ക്കൽ, സി.എ. രാജീവ്, എം.എം. പൗലോസ് എന്നിവർ സംസാരിച്ചു. കേസരി അന്ത്യവിശ്രമംകൊള്ളുന്ന മാടവന പറമ്പിലെ കേസരി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം മനുഷ്യനാകണം എന്ന കേസരിയുടെ ചിന്തയെ പ്രതിഫലിപ്പിക്കുന്ന സന്ദേശവുമായി സ്മൃതിയാത്രയും നടന്നു.