# യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽനിന്ന് ലീഗ് കൗൺസിലർമാർ വിട്ടുനിന്നു
തൃക്കാക്കര: യു.ഡി.എഫിലെ ഒരുവിഭാഗം കൗൺസിലർമാർക്കെതിരെ ചെയർപേഴ്‌സൺ പരസ്യമായി മോശം പരാമർശം നടത്തിയതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗിലെ അഞ്ച് കൗൺസിലർമാർ ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽനിന്ന് വിട്ടുനിന്നു. നഗരസഭാ വൈസ്‌ചെയർമാൻ എ.എ. ഇബ്രാഹിംകുട്ടി, കൗൺസിലർമാരായ പി.എം. യൂനിസ്, സജീന അക്ബർ, ഷിമി മുരളി, ടി.ജി. ദിനൂപ് എന്നിവരാണ് വിട്ടുനിന്നത്.
കഴിഞ്ഞ 31ന് ചേർന്ന കൗൺസിൽ യോഗത്തിൽ നിന്ന് മുസ്ലിംലീഗിലെ രണ്ട് കൗൺസിലർമാർ ഉൾപ്പെടെ യു.ഡി.എഫിലെ പത്ത് അംഗങ്ങൾ വിട്ടുനിന്നിരുന്നു. ഭൂരിപക്ഷമില്ലാതായതോടെ കൗൺസിലിൽ അജണ്ടകൾ പാസാക്കാനായില്ല. ഇതോടെ യു.ഡി.എഫിലെ ഒരുവിഭാഗം കൗൺസിലർമാർക്കെതിരെ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ മോശം പരാമർശം നടത്തിയെന്നാണ് ആരോപണം.
മുസ്ലിംലീഗ് കൗൺസിലർ സജീന അക്ബറുടെ വാർഡിലെ തൃക്കാക്കര പ്രാഥമിക ആരോഗ്യകേന്ദ്രം മറ്റൊരു വാർഡിലേക്ക് മാറ്റാൻ ശ്രമിച്ചതും ലീഗ് കൗൺസിലർമാരുടെ എതിർപ്പ് ശക്തമാക്കി. പൊതുഫണ്ട് ചില കൗൺസിലർമാർക്ക് മാത്രം നൽകുന്നതിനെതിരെ യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രതിഷേധമുണ്ടായി. ഇനിമുതൽ ഓരോ വാർഡിലേക്കും 15ലക്ഷം രൂപവീതം അനുവദിക്കണമെന്ന് തീരുമാനിച്ചു.
ഇന്ന് ചേരുന്ന കൗൺസിൽ യോഗത്തിൽ എന്ത് നിലപാടെടുക്കണമെന്ന കാര്യത്തിൽ മുസ്ലീംലീഗ് നേതൃത്വവുമായി ചർച്ച നടത്തിയശേഷേ തീരുമാനമെടുക്കുമെന്ന് ലീഗ് കൗൺസിലർമാർ പറഞ്ഞു.