മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പ്രചാരണാർത്ഥം നടത്തിയ കലജാഥ ശ്രദ്ധേയമായി. കച്ചേരിത്താഴത്ത് നിന്നാരംഭിച്ച കലാജാഥ കേരളത്തിന്റെ കാർഷികപൈതൃകം വിളിച്ചോതുന്നതായിരുന്നു. കലാജാഥക്കൊപ്പം വിത്തുവണ്ടി, ചാക്യാർകൂത്ത്, പ്രചാരണഗാനം, നാടൻപാട്ട്, ഫ്ലാഷ്മോബ് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന, പായിപ്ര, വാളകം, മാറാടി, ആരക്കുഴ പഞ്ചായത്തുകളിൽ കലാജാഥ എത്തി . കാർഷിക വികസനസമിതി അംഗങ്ങൾ, കർഷകർ, മൂവാറ്റുപുഴ ബ്ലോക്കിലെ കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കലാജാഥ നടക്കുന്നത്.
കലാജാഥയുടെ ഉദ്ഘാടനം മാത്യു കുഴൽനാടൻ എം.എൽ.എ പതാക കൈമാറി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിൻ സന്ദേശംനൽകി. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ് വിത്ത് വിതരണം ചെയ്തു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ കെ.എം. സൈനുദ്ദീൻ തുടങ്ങിയർ സംസാരിച്ചു.