കൊച്ചി: മൂല്യനിർണയം ചെയ്യേണ്ട ഹയർ സെക്കൻഡറി പരീക്ഷാ പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിച്ചതിനെതിരെ അദ്ധ്യാപകർ സമരത്തിലേക്ക്. ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട പേപ്പറുകളുടെ എണ്ണം 26ൽ നിന്ന് 34ആയും 40ൽ നിന്ന് 50ആയും വർദ്ധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മൂല്യനിർണ്ണയ ക്യാമ്പുകളിലടക്കം ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഫെഡറേഷൻ ഒഫ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. എറണാകുളം അദ്ധ്യാപക ഭവനിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷൻ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദ്ദിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖ്യാതിഥിയായിരുന്നു.