തൃക്കാക്കര: മോട്ടോർ വാഹന വകുപ്പ് എറണാകുളം ജില്ലയിലെ എറണാകുളം, മൂവാറ്റുപുഴ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്ക് കീഴിൽ വരുന്ന തൃപ്പൂണിത്തുറ, ആലുവ, നോർത്ത് പറവൂർ, മട്ടാഞ്ചേരി, അങ്കമാലി, പെരുമ്പാവൂർ, കോതമഗലം എന്നീ ഓഫീസുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് 22 ന് എറണാകുളം ടൗൺ ഹാളിൽ നടത്തും.
മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ചടങ്ങ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് അദാലത്ത്. അദാലത്തിൽ മന്ത്രി പരാതികൾ നേരിട്ട് കേൾക്കുകയും പരിഹാരം നിർദേശിക്കുകയും ചെയ്യും. നികുതി സംബന്ധമായ വിഷയങ്ങൾ, ദീർഘകാലമായി തീർപ്പാക്കാത്ത ഫയലുകൾ, ചെക്ക് റിപ്പോർട്ടുകൾ മുതലായ വിഷയങ്ങളും അദാലത്തിൽ പരിഹരിക്കും. ഉടമ കൈപ്പറ്റാത്ത ആർ.സി. ബുക്ക്, ലൈസൻസ് എന്നിവ മേൽവിലാസം തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി നൽകും. എറണാകുളം ജില്ലയിലെ ഓഫീസുകളുടെ പരിധിയിൽ വരുന്ന പരാതികൾ നേരിട്ടോ തപാൽ മുഖേനയോ 20 ന് മുമ്പായി ബന്ധപ്പെട്ട ഓഫീസുകളിൽ സമർപ്പിക്കണമെന്ന് എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.