ആലുവ: മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ പാർക്കിംഗ് ഏരിയ ഓട്ടോറിക്ഷ - ലോറി ഡ്രൈവർമാർ അനധികൃതമായി കൈയടക്കിയതോടെ സാധാരണക്കാരന് വാഹനങ്ങൾ പാർക്കുചെയ്യാൻ ഇടമില്ലാതായി. ഇതിനിടയിൽ അവശേഷിച്ച ഭാഗത്ത് നഗരസഭയുടെ നേതൃത്വത്തിൽ ഏപ്രിൽ ഒന്ന് മുതൽ പേ ആൻഡ് പാർക്ക് സംവിധാനവും ഏർപ്പെടുത്തിയതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.
ദേശീയപാതയിലെ മേൽപ്പാലങ്ങൾക്ക് കീഴെ മറ്റൊരിടത്തുമില്ലാത്ത പിരിവിനാണ് ആലുവയിൽ തുടക്കമിട്ടത്. ദേശീയപാതയുടെ അനുമതിയുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.
മിനിലോറി - ഓട്ടോറിക്ഷ ഡ്രൈവർമാർ സ്ഥലംകൈയടക്കിയതും അവശേഷിച്ച സ്ഥലത്ത് പാർക്കിംഗ് ഫീസ് പിരിക്കാൻ നഗരസഭ കരാർ നൽകിയതുമെല്ലാം സാധാരണക്കാരെയാണ് ബാധിക്കുന്നത്. മെട്രോസർവീസ് ആരംഭിച്ചതോടെയാണ് ബൈപ്പാസ് കവല, മാർക്കറ്റ്, സീമാസ് ഭാഗങ്ങളിലെ ഓട്ടോറിക്ഷകൾ മേൽപ്പാലത്തിനടിയിലെ വിവിധ ഭാഗങ്ങൾ കൈയടക്കിയത്. മാർക്കറ്റിന് മുൻശത്തെഭാഗം ഗുഡ്സ് - മിനി ലോറികളും കൈവശപ്പെടുത്തി. എതിർപ്പ് ഉയരാതിരുന്നതിനാൽ മേൽപ്പാലത്തിനടിയിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ ഇരുവശത്തുമായി ഉണ്ടായിരുന്ന വഴികളിൽ ഒന്നുവീതം ഇരുമ്പ് ചങ്ങലയിട്ട് പൂട്ടി.
25ൽ താഴെ ഓട്ടോറിക്ഷകളുള്ള രണ്ട് സ്റ്റാൻഡുകളുണ്ട്. രണ്ടിടത്തും നൂറോളം ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാം. ഒരേസമയം രണ്ടിടത്തും പത്തിലേറെ ഓട്ടോറിക്ഷകൾ ഉണ്ടാകാറില്ല. എന്നിട്ടും ഇത്രയേറെ സ്ഥലം കൈവശപ്പെടുത്തിയിരിക്കുന്നത് യൂണിയൻ - രാഷ്ട്രീയ നേതൃത്വങ്ങളുടെ പിന്തുണയോടെയാണ്.
 കരാറുകാരന്റെ താത്പര്യത്തിന് ഡ്രൈവർമാരും
മെട്രോസ്റ്റേഷനോട് ചേർന്നുള്ള ഭാഗത്തെ ആദ്യപാർക്കിംഗ് കേന്ദ്രത്തിൽ നേരത്തെ ഒരുനിര ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നു. പാർക്കിംഗ് ഫീസ് പിരിക്കാൻ കരാർ നൽകിയതോടെ കരാറുകാരന്റെ താത്പര്യപ്രകാരം ഇവിടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ചേർന്ന് ഇരുചക്ര വാഹന പാർക്കിംഗ് തടഞ്ഞു. ഇതിനായി കരാറുകാരന്റെ നേതൃത്വത്തിൽ ഇരുമ്പ് ചങ്ങലയും സ്ഥാപിച്ചുകൊടുത്തു. പരാതിയെത്തുടർന്ന് നഗരസഭ ഉദ്യോഗസ്ഥർ ചങ്ങല നീക്കംചെയ്യാൻ ഇന്നലെ എത്തിയെങ്കിലും ഡ്രൈവർമാർ സംഘടിതമായി തടഞ്ഞു. മറ്റ് സ്ഥലങ്ങളിലെ ചങ്ങല നീക്കിയാലേ ഇവിടത്തെ ചങ്ങലനീക്കാൻ അനുവദിക്കൂവെന്ന നിലപാടിലായിരുന്നു ഡ്രൈവർമാർ. ഇതോടെ ഉദ്യോഗസ്ഥർ പിന്മാറി. കരാർ നൽകാൻ കൗൺസിൽ തീരുമാനമെടുത്തത് സപ്ളിമെന്ററി അജണ്ടയായി ഉൾപ്പെടുത്തിയാണെന്നും ആക്ഷേപമുണ്ട്.
പാർക്കിംഗ് നിരക്ക്: 12 മണിക്കൂർ
കാർ : 30
ഓട്ടോറിക്ഷ : 15
ഇരുചക്രവാഹനം : 10