town
കോലഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്

കോലഞ്ചേരി: വിഷുവും ഈസ്റ്ററും അടുത്തടുത്ത ദിവസങ്ങളിലെത്തിയതോടെ കോലഞ്ചേരിയിൽ കുരുക്കോട് കുരുക്ക്. രണ്ട് വർഷത്തെ കൊവിഡ് ഇടവേളക്കുശേഷംവന്ന ആഘോഷങ്ങൾ പൊടിപൊടിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ. മണിക്കൂറുകൾ നീളുന്ന ബ്ളോക്കാണ് രണ്ട് ദിവസമായി കോലഞ്ചേരി ടൗണിൽ. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ കുരുക്കിൽപ്പെടുന്നത് ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹനങ്ങളാണ്. ഹൈറേഞ്ചിൽ നിന്നുമടക്കം നിരവധിപേർ കൊച്ചിയിലേക്ക് യാത്രചെയ്യുന്ന വഴിയാണിത്. എന്നാൽ കോലഞ്ചേരി ടൗൺ കടക്കാൻ മണിക്കൂറുകൾ കാത്തുകിടക്കേണ്ട ഗതികേടിലാണ് യാത്രക്കാർ.

ദേശീയപാതയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന കുരുക്കഴിക്കാൻ മണിക്കൂറുകളുടെ പ്രയത്‌നം വേണ്ടിവരും.ദേശീയപാതയിൽനിന്ന് പെരുമ്പാവൂർ റോഡിലേക്കും മെഡിക്കൽമിഷൻ ആശുപത്രിയിലേക്കും കറുകപ്പിള്ളി റോഡിലേക്കും തിരിയുന്ന ഭാഗത്താണ് പ്രധാനമായും വാഹനങ്ങൾ കുരുങ്ങുന്നത്. ഇവിടെ ട്രാഫിക് സിഗ്‌നൽ ഇല്ലാത്തതിനാൽ തലങ്ങും വിലങ്ങും വാഹനങ്ങൾ തിരിക്കുന്നതിന് കാരണമാവുകയും കുരുക്ക് കൂട്ടുകയും ചെയ്യുന്നുണ്ട്. അനധികൃത പാർക്കിംഗും ഗതാഗതം നിയന്ത്രിക്കാൻ പൊലീസിന്റെ കുറവും കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ബസ് സ്റ്റോപ്പുകളിൽ ഉൾപ്പെടെ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നതും വാഹനങ്ങളിലെ വഴിയോരക്കച്ചവടവും ഗതാഗത സ്തംഭനത്തിന് ഇടയാക്കുന്നു. പ്രധാന ഓഫീസുകളടക്കം പതിനഞ്ചോളം ബാങ്കുകളും മിനി സിവിൽസ്​റ്റേഷനും ദേശീയപാതയ്ക്കരികിലാണ്. ടൗണിലെ പ്രധാന വ്യാപാരസ്ഥാപനങ്ങൾ എല്ലാംതന്നെ ദേശീയപാതയ്ക്ക് അരികിലാണ്. ഇവയിൽ വിരലിൽ എണ്ണാവുന്ന സ്ഥാനങ്ങൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യമുള്ളത്. മ​റ്റു സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ അലക്ഷ്യമായി റോഡരികിലാണ് പാർക്കിംഗ്. 

കോലഞ്ചേരിയിലെ കുരുക്ക് ഒഴിവാക്കാൻ ബൈപ്പാസ് വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇതുവരെ തീരുമാനമായിട്ടില്ല. ദേശീയപാതയിൽ പത്താംമൈലിൽനിന്ന് തിരിഞ്ഞ് കടമ​റ്റം നമ്പ്യാരുപടിയിലെത്തുന്ന വിധമാണ് ബൈപ്പാസ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.

പൊലീസിന് നിർദേശം നൽകി

സർക്കാർ വിവിധ ബൈപ്പാസുകളുടെ നിർമ്മാണത്തിന് 200കോടിരൂപ കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതിൽ കോലഞ്ചേരി ബൈപ്പാസിനെ ഉൾപ്പെടുത്തണമെന്ന് ധനകാര്യവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുഭാവപൂർവം പരിഹരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കുരുക്കൊഴിവാക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.

അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ