കാഞ്ചിയാർ: കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ നടന്ന ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സൗഹൃദസംഗമം നടത്തി.
പതിനാലാം പഞ്ചവത്സരപദ്ധതി കാലത്ത് ലബ്ബക്കട വാർഡിൽ നടപ്പിലാക്കേണ്ട വികസനപരിപാടികളെ സംബന്ധിച്ച് പൗരപ്രമുഖരുടെ അഭിപ്രായം ആരായുന്നതിനും അതിലേക്ക് ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി വാർഡ് മെമ്പർ സന്ധ്യ ജയന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റോഡ് പുന:രുദ്ധാരണം, കുടിവെള്ളം, ഓട നിർമ്മാണം, പകൽ വീട്, വനിതകൾക്ക് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് ടോയ്‌ലറ്റ് സൗകര്യം, വനിതകൾക്ക് സ്വയംതൊഴിൽ സംരംഭം ,പട്ടികജാതി ക്ഷേമ പദ്ധതികൾ, പഞ്ചായത്ത് ലൈബ്രറി സേവനം മെച്ചപ്പെടുത്തൽ, ലൈബ്രറിക്ക് പുസ്തകം വാങ്ങൽ തുടങ്ങി നിരവധി ർ നിർദ്ദേശങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉയർന്നു. അതൊക്കെ ഗ്രാമസഭയിൽ അവതരിപ്പിച്ച് മുഴുവൻ ജനങ്ങളുടേയും അംഗീകാരത്തോടെ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് ജനപ്രതിനിധികൾ ഉറപ്പുനൽകി. വാർഷിക പദ്ധതിയിൽ ജില്ല പഞ്ചായത്തിന്റെ പദ്ധതി വിഹിതത്തിൽ നിന്ന് ലബ്ബക്കട നാലാം വാർഡിലെ പൊതുമരാമത്ത് ജോലികൾ, കുടിവെള്ളം, മുതിർന്ന പൗരൻമാർക്ക് പകൽ വീട് എന്നിവയ്ക്കായി തുകവകയിരുത്തുമെന്ന് ജില്ല പഞ്ചായത്ത് മെമ്പർ ആശാ ആന്റണിയും ശുചിത്വം, കുടിവെള്ളം, റോഡ് പദ്ധതികളിൽ സഹകരണമുണ്ടാകുമെന്ന് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജാ വിനോദും പറഞ്ഞു.
ജില്ല പഞ്ചായത്ത് അംഗം ആശാ ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ജലജ വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യ ജയൻ പദ്ധതിവിശദീകരിച്ചു.