ആലുവ: ആലുവയിൽ അനുവദിച്ച കുടുംബകോടതിയിലേക്ക് 21 തസ്തികകൾക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി അൻവർ സാദത്ത് എം.എൽ.എ അറിയിച്ചു. ധനകാര്യ ബില്ലുകളുടെ ചർച്ചാവേളയിൽ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ആലുവയിലെ അഭിഭാഷകരുടേയും കുടുംബകോടതികളിൽ കേസുകൾ നടത്തുന്ന കക്ഷികളുടേയും നിരന്തരമായ ആവശ്യമാണ് യാഥാർത്ഥ്യമാകുന്നത്. നിലവിൽ ആലുവ സ്വദേശികളുടെ കേസുകൾ എറണാകുളം കുടുംബകോടതിയാണ് കൈകാര്യം ചെയ്യുന്നത്. സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ കുടുംബകോടതിയുടെ പ്രവർത്തനം എത്രയുംവേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ പറഞ്ഞു.