മൂവാറ്റുപുഴ: ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന് റീ ടെൻഡർ നടപടിക്ക് കത്ത് നൽകിയതായി മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. സ്റ്റേഡിയം നഷ്ടമാകുമെന്ന പ്രചാരണം ശരിയല്ല. ടെൻഡർ നടപടികളിൽ തുക അധികരിച്ചതാണ് ഇപ്പോഴത്തെ തർക്കം. മറിച്ചുള്ള ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. സർക്കാർ നിർദ്ദേശപ്രകാരം സ്പോർട്സ് സെക്രട്ടറി സ്ഥലപരിശോധനയ്ക്കെത്തിയിരുന്നു. മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, മുൻ ചെയർമാൻമാരായ പി.എം. ഇസ്മയിൽ, എ. മുഹമ്മദ് ബഷീർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. എം. അബ്ദുൽ സലാം, പ്രതിപക്ഷ നേതാവ് ആർ. രാകേഷ് അടക്കം മറ്റ് കൗൺസിലർമാരും സന്നിഹിതരായിരുന്നു.
ഇവരുമായി നടത്തിയ പൊതുചർച്ചയിൽ റീടെൻഡർ ചെയ്യാമെന്ന മുൻ ചെയർമാൻ പി.എം. ഇസ്മയിലിന്റെ നിർദേശം കൂടി പരിഗണിച്ചാണ് കത്ത് നൽകിയതെന്നും എം.എൽ.എ പറഞ്ഞു. എല്ലാവർഷവും വലിയ വെള്ളപ്പൊക്കവും വെള്ളക്കെട്ടുമുണ്ടാവുന്ന സ്ഥലത്ത് മണ്ണിട്ട് പൊക്കാതെ കോടികൾ പാഴാക്കിയുള്ള സ്റ്റേഡിയം നിർമ്മാണം ഫലവത്തല്ല.