
മൂവാറ്റുപുഴ: ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിലൊന്നായ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനമായ പായിപ്ര കവലയിലെത്തുന്ന യാത്രക്കാർക്ക് മഴയും വെയിലും ഏൽക്കാതെ കയറിനിൽക്കാൻ ഇടമില്ല. പഞ്ചായത്ത് ഭരണസമിതികളുടെ വാഗ്ദാനങ്ങളാകട്ടെ കടലാസിലും ഒതുങ്ങി.
എം.സി റോഡിലെ തിരക്കേറിയ പായിപ്രകവല അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയിൽ പൊറുതിമുട്ടുകയാണ്. ടോയ്‌ലറ്റോ ബസ് കാത്തിരിപ്പുകേന്ദ്രമോ ഇല്ല. വിദ്യാർത്ഥികൾ, ആരാധനാലയങ്ങളിൽ എത്തുന്നവർ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ, ആയൂർവേദ ആശുപത്രി എന്നിവിടങ്ങളിൽ വരുന്നവർ തുടങ്ങിയവർക്ക് കവലയിലെത്തിയാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഹോട്ടലുകളാണ് ആശ്രയം. സ്ത്രീകളാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.
മേതല, ചെറുവട്ടൂർ, കോതമംഗലം, പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് അടക്കം നാല് ബസ് സ്റ്റോപ്പുകളുള്ള കവലയിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രംപോലുമില്ല.