
വളവ് നിവർത്താൻ നടപടികൾക്ക് തുടക്കം
നെടുമ്പാശേരി: അത്താണി - പറവൂർറോഡിൽ ചെങ്ങമനാട് പുത്തൻതോട്, ഗ്യാസ് ഏജൻസീസ് വളവുകൾ നിവർത്താനുള്ള നടപടികൾക്ക് തുടക്കം. അൻവർ സാദത്ത് എം.എൽ.എ ഇടപ്പെട്ട് അലൈൻമെന്റ് പരിശോധന പൂർത്തിയാക്കിയിരുന്നു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലാണ് വളവുകൾ 'നിവർത്താൻ" നടപടിയായത്. രണ്ടരക്കോടി രൂപ പദ്ധതിക്കായി സർക്കാർ അനുവദിച്ചെങ്കിലും സാങ്കേതികകാരണങ്ങളാൽ നീളുകയായിരുന്നു.
ആലുവ ഡിവിഷൻ റോഡ്‌സ് വിഭാഗം അസിസ്‌റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ടി.ഐ. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് പുത്തൻതോട് മുതൽ ഗ്യാസ് ഏജൻസീസ് വളവ് വരെ അലൈൻമെന്റ് പരിശോധന പൂർത്തിയാക്കിയത്. ചുരുങ്ങിയ കാലയളവിൽ എട്ട് പേർക്ക് ജീവഹാനിയും നിരവധി പേർക്ക് അംഗവൈകല്യവും സംഭവിച്ച വളവാണിത്.
ഗുരുവായൂർ, പറവൂർ, മാള ഭാഗങ്ങളിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എളുപ്പംവന്ന് പോകാനുള്ള മാർഗമായതിനാൽ ഇതുവഴി നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. റോഡിന്റെ വശങ്ങളിലെ സർക്കാർ പുറമ്പോക്ക് വൻതോതിൽ കാലങ്ങളായി പലരും കൈയടക്കിവച്ചിരിക്കുകയാണ്.
റോഡിന്റെ വളവ് നിവർത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തുകാർ കാലങ്ങളായി പ്രതിഷേധങ്ങളും പരാതികളുമായി നീങ്ങുകയായിരുന്നു. പൊതുപ്രവർത്തകൻ രാജി ആന്റണി തേക്കാനത്ത് പഴയ സർവേ പ്രകാരം പദ്ധതിപ്രദേശത്തെ സ്ഥലം അളന്ന് തിട്ടപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അനുകൂലവിധി നേടിയിരുന്നു.
വികസനം 10 മീറ്റർ വീതിയിൽ
പുത്തൻതോട് കലുങ്ക് മുതൽ സെന്റ് ആന്റണീസ് പള്ളിക്കവലവരെ 350 മീറ്റർ ദൂരത്തിൽ ചുരുങ്ങിയത് 10 മീറ്റർ വീതിയിൽ റോഡ് വികസിപ്പിച്ചാണ് വളവ് നിവർത്തുക. പരമാവധി 40 കിലോമീറ്റർ വേഗത്തിൽ ഇവിടെ സഞ്ചരിക്കാം. പുറമ്പോക്ക് വീണ്ടെടുത്ത ശേഷമായിരിക്കും വീതി കൂട്ടാൻ സ്ഥലമെടുക്കുക.
നാട്ടുകാരുടെ പരാതികൾ കൃത്യമായി പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥരോട് എം.എൽ.എ നിർദേശിച്ചു. വീണ്ടെടുക്കുന്ന പുറമ്പോക്ക് കുറ്റിയടിച്ച് സർക്കാർ അധീനതയിലാക്കണമെന്നും എം.എൽ.എ നിർദേശിച്ചു.