പറവൂർ: എസ്.എൻ.ഡി.പിയോഗം പറവൂർ യൂണിയന്റെ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിന് സ്പോർട്സ് ഹോസ്റ്റൽ അനുവദിച്ചു. മുത്തൂറ്റ് വോളിബാൾ അക്കാഡമിയാണ് ഹോസ്റ്റൽ, ഭക്ഷണം, പരിശീലനം എന്നിവയ്ക്കുള്ള ചെലവ് വഹിക്കുന്നത്. നിലവിൽ മുത്തൂറ്റ് വോളിബാൾ അക്കാഡമിയുടെ കോച്ചിംഗ് സെന്റർ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. എട്ട്, ഒമ്പത് ക്ളാസുകളിൽ പഠിക്കുന്ന ഇരുപത് വിദ്യാർത്ഥികൾക്കാണ് പ്രവേശനം. അടുത്തമാസം സംസ്ഥാനതലത്തിൽ സെലക്ഷൺ ട്രയൽ നടത്തി തിരഞ്ഞെടുക്കും. ഇവർക്ക് എസ്.എൻ.വി സ്കൂളിൽ പ്രവേശനം നൽകും. ജൂണിൽ പരിശീലനം തുടങ്ങും. പറവൂരിൽ സ്പോർട്സ് ഹോസ്റ്റൽ ലഭിക്കുന്ന ആദ്യത്തെ വിദ്യാലയമാണ് എസ്.എൻ.വി സ്കൂൾ. മുത്തൂറ്റ് ഫിൻകോർപ്പാണ് സംരംഭത്തിന്റെ മുഖ്യസ്പോൺസർ.