കിഴക്കമ്പലം: ചെമ്പറക്കി - പുക്കാട്ടുപടി റോഡിൽ മലയിടംതുരുത്ത് മുസ്ലീംപള്ളിക്ക് മുന്നിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളപൈപ്പ് പൊട്ടി കിടന്നിട്ട് ഒരാഴ്ചയായി. നിരവധിതവണ അധികൃതരെ അറിയിച്ചിട്ടും പരിഹാരമായില്ല. ബി.എം ബി.സി നിലവാരത്തിൽ ടാർചെയ്ത റോഡിന് നടുവിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. തുടർച്ചയായി വെള്ളമൊഴുകിയതോടെ ടാറിംഗ് ഇളകി മാറാനും തുടങ്ങിയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്കിൽ കുഴിയും രൂപപ്പെട്ടു. ഒഴുക്ക് തുടരുന്നത് റോഡ് ഇടിയുന്നതിനും കാരണമാകും. അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കണമെന്ന് മലയിടംതുരുത്ത് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സിദ്ദിഖ് കപ്പയിൽ ആവശ്യപ്പെട്ടു.