
തൃക്കാക്കര: തൃക്കാക്കര നഗരസഭാ കൗൺസിൽ യോഗത്തിൽ എടാ - പോടാ വിളിയും ബഹളവും. യോഗം അലങ്കോലപ്പെട്ടു.
നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചെയർപേഴ്സൺ തങ്ങളെ അസഭ്യം പറഞ്ഞതായും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരായ പി.സി മനൂപ്, അജ്ജുന ഹാഷിം എന്നിവർ തൃക്കാക്കര പൊലീസിൽ പരാതി നൽകി.
ഇന്നലെ രാവിലെ പതിനൊന്നിന് ചേർന്ന കൗൺസിൽ യോഗമാണ് വാക്കേറ്റവും അസഭ്യ വർഷവും കൊണ്ട് നിറഞ്ഞത്. യോഗം ആരംഭിച്ചയുടൻ കഴിഞ്ഞ മാസം നടന്ന യോഗത്തിന്റെ മിനിറ്റ്സ് നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കൗൺസിലർ എം.കെ ചന്ദ്രബാബു രംഗത്തെത്തി. കൗൺസിൽ കഴിഞ്ഞാൽ മൂന്ന് ദിവസത്തിനകം കൗൺസിലർമാർക്ക് മിനിറ്റ്സ് നൽകണമെന്നാണ് ചട്ടമെന്ന് കൗൺസിലർ പി.സി മനൂപ് പറഞ്ഞതോടെ മിനിറ്റ്സ് നൽകാമെന്ന് ചെയർപേഴ്സൺ സമ്മതിച്ചു.
പിന്നീട് തരില്ലെന്ന് നിലപാടെടുത്തതോടെ പ്രതിപക്ഷ കൗൺസിലർമാരായ ജിജോ ചിങ്ങംതറ, അഡ്വ.ലിയ തങ്കച്ചൻ, റസിയ നിഷാദ്, ഉഷ പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡയസിന് മുന്നിലേക്ക് പ്രതിഷേധവുമായി എത്തി. വാക്കേറ്റം രൂക്ഷമായതോടെ ചെയർപേഴ്സൺ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് പ്രതിപക്ഷ കൗൺസിലർമാരായ പി.സി മനൂപ്, അജ്ജുന ഹാഷിം എന്നിവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. അഡ്വ.ലിയാ തങ്കച്ചൻ, റസിയ നിഷാദ് എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ് സംഘർഷത്തിന് അയവു വന്നത്. വാക്ക് തർക്കം നടക്കുമ്പോൾ ഭരണ പക്ഷ കൗൺസിലർമാർ ആരും ഇടപെട്ടില്ല. ബഹളത്തിനിടെ അജണ്ട പാസാക്കിയതായി പ്രഖ്യാപിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നു. പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അജിത തങ്കപ്പൻ പറഞ്ഞു.
വാരിക്കോരിച്ചിറ നവീകരണം അട്ടിമറിച്ചു.
കൗൺസിലറുടെ ഒറ്റയാൾ സമരം.
വാരിക്കോരിച്ചിറ നവീകരണം യു.ഡി.എഫ് ഭരണ സമതി അട്ടിമറിച്ചതായി ആരോപിച്ച് വാർഡ് കൗൺസിലർ കെ.എക്സ് സൈമൺ ഇന്നലെ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മുപ്പത്തിയൊന്നാം ഡിവിഷനിലെ പ്രധാന കുടിവെള്ള സ്രോതസായ വാരിക്കോരിച്ചിറ നവീകരണത്തിനായി 2019 ൽ 60 ലക്ഷം രൂപ കൗൺസിൽ പാസാക്കുകയും, ടെൻഡർ നടപടി പൂർത്തിയാക്കി, നിർമ്മാണപ്രവർത്തങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു. പദ്ധതി അട്ടിമറിച്ചതായാണ് ആരോപണം.