തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വം ബോർഡും ശ്രീപൂർണ്ണത്രേയിശ ക്ഷേത്ര ഉപദേശക സമിതിയും എ.എം.ഒ ആർട്ട് ഗാലറിയും ചേർന്ന് തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശ കിഴക്കേ ഗോപുരനടയിൽ ഒമ്പത് ദിനരാത്രങ്ങൾ നീണ്ട് നിൽക്കുന്ന 50 കലാകാരൻമാരുടെ തത്സമയ ചിത്ര ശില്പ രചനകൾ സംഘടിപ്പിക്കുന്നു. 20 അടി നീളത്തിലുള്ള കാൻവാസിലാണ് മ്യൂറൽ കലാകാരൻമാരായ ലളിതകലാ അക്കാഡമി അവാർഡ് ജേതാവ് രാജേന്ദ്രൻകർത്താ, സുരേന്ദ്രൻ, ശ്യാം ചെട്ടികുളങ്ങര, സി.ബി. കലേഷ് കുമാർ, ഡോ. നിർമ്മല തമ്പുരാൻ, രശ്മി മിനീഷ് എന്നിവർ വരയ്ക്കുന്നത്.
ക്ഷേത്രകലയുമായ് ബന്ധപ്പെട്ട് 15 അടി നീളത്തിലുള്ള പ്ലാസ്റ്റർ ഒഫ് പാരീസ് റിലീഫ് വർക്കുകളും ചെയ്യുന്നുണ്ട്. പ്രഗത്ഭരായ ശില്പികൾ എടയ്ക്കാട്ട് വയൽ ശിവദാസ്, ഷാജി പൊയ്ക്കലാവ്, ടി.എൻ സതീഷ് ഇടുക്കി എന്നിവരും പങ്കെടുക്കുന്നുണ്ട്. ക്യാമ്പിന്റെ കോ ഓഡിനേറ്റർമാർ കൊച്ചിൻ ദേവസ്വം ഓഫീസർ സുധീർ മേലേപാട്ട്, ശ്രീ പൂർണ്ണത്രയീശ ഉപദേശക സമിതി പ്രസിഡന്റ് പ്രകാശ് അയ്യർ, ക്യൂറേറ്റർ സി.ബി. കലേഷ് കുമാർ എന്നിവരാണ്. 15 വിഷു ദിനത്തിൽ വൈകിട്ട് 5 മണിക്ക് കൊച്ചിൻ ദേവസ്വം പ്രസിഡന്റ് വി.നന്ദകുമാർ ഉദ്ഘാടനം നിർവ്വഹിക്കും. 23-ാം തീയതി രാവിലെ 10 മണിക്ക് പത്താമുദയം. സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുന്നു.