കളമശേരി: കളമശേരി നഗരസഭയിലെ മൂലേപ്പാടത്തെ സാലീസ് തോടിന് ഇരുവശത്തുമുള്ള കൈയേറ്റങ്ങൾ കണ്ടെത്തുന്നതിനായി സർവേ നടത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. മണ്ഡലത്തിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സീപോർട്ട് എയർപോർട്ട് റോഡ് നവീകരണം, നിലാവ് പദ്ധതി, കരുമാല്ലൂരിലെ ലൈഫ് മിഷൻ ഫ്ളാറ്റ് നിർമ്മാണം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.
മൂലേപ്പാടം പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണുന്നതിനായി കൾവർട്ടുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ ദേശീയ പാത അതോറിറ്റി, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
കണ്ടെയ്‌നർ റോഡിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി വഴിവിളക്കുകൾ, പാർക്കിംഗ്, ടോയ്‌ലെറ്റ് സംവിധാനം എന്നിവ പദ്ധതിയിൽ ഉൾപ്പെടുത്തും. സർക്കാർ നിർദേശിക്കുന്ന സ്ഥലത്ത് മൾട്ടിലെവൽ പാർക്കിംഗ് ഒരുക്കും. കളമശേരിയിൽ വലിയ വാഹനങ്ങൾക്ക് പാർക്കിംഗും ശുചിമുറികളും ഒരുക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്ഥലം കണ്ടെത്തും.
കളമശേരി മുൻസിപ്പാലിറ്റി പരിധിയിൽ 15 ഇടങ്ങളിലും ഏലൂർ മുൻസിപ്പാലിറ്റി പരിധിയിൽ 450 ഇടങ്ങളിലും വഴിവിളക്കുകൾ തകരാറിലായതായി പരാതിയുള്ളതിനാൽ കൂടുതൽ സ്ഥലങ്ങളിൽ തകരാറുണ്ടോയെന്നും പരിശോധിക്കും. യോഗത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഒഫ് കേരള മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ്, ജില്ലാ കളക്ടർ ജാഫർ മാലിക്ക്, കളമശേരി മുൻസിപ്പൽ ചെയർപേഴ്‌സൺ സീമ കണ്ണൻ, ഏലൂർ മുൻസിപ്പാലിറ്റി ചെയർമാൻ എ.ഡി. സുജിൽ, ദേശീയ പാത അതോറിറ്റി പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.