p
കേക്കിന്റെ മധുരമില്ലാത്ത ജീവിത ബാല്യത്തിന് പിറന്നാൾ മധുരം...സുഖമില്ലാത്ത അച്ഛന്റെ ചികിത്സയ്ക്കും കുടുംബം പുലർത്താനുമായി കാഴ്ചയില്ലാത്ത അമ്മയുമായി എറണാകുളം പള്ളൂരുത്തിയിലെ റോഡരുകിലെ പെട്ടിക്കടയിൽ അച്ചാറ് വിൽക്കുന്ന നാലാം ക്ലാസുകാരിയുടെ വാർത്ത കേരളകൗമുദിയിലൂടെ അറിഞ്ഞ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പഠനത്തിനും വീടെന്ന സ്വപ്നത്തിനും സഹായിക്കാമെന്ന് അറിയിച്ചതിനെ തുടന്ന് സന്തോഷം പങ്കുവയ്ക്കുന്ന ഡൈനീഷ്യ യേശുദാസ്, പിതാവ് യേശുദാസ് അമ്മ ജസിയും ഫോട്ടോ: എൻ.ആർ. സുധർമ്മദാസ്

 തുണയായത് കേരളകൗമുദി വാർത്ത

തിരുവനന്തപുരം/കൊച്ചി: നാലാം ക്ലാസുകാരി ഡൈനീഷ്യ ഇനി അച്ചാർ വിറ്റ് ജീവിതഭാരം ചുമക്കേണ്ട. ഈ പിഞ്ചോമനയുടെ വിദ്യാഭ്യാസവും മാതാപിതാക്കളുടെ ചികിത്സയും വീടെന്ന സ്വപ്നവും സർക്കാരും ഡി.വൈ.എഫ്.ഐയും ഏറ്റെടുത്തു.

"ഈ ഉന്തുവണ്ടിയിലുണ്ട് നാലാം ക്ലാസുകാരിയുടെ ജീവിതപാഠം" എന്ന ശീർഷകത്തിൽ കേരളകൗമുദി ഡൈനീഷ്യയുടെ ദുരിതജീവിതത്തെക്കുറിച്ച് ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയുടെ ഇടപെടലിൽ സർക്കാരും ഡി.വൈ.എഫ്.ഐയും ഏറ്റെടുത്തത്.

ഡൈനീഷ്യയ്ക്ക് സർക്കാർ എല്ലാ സഹായവും ചെയ്യുമെന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട എ.എ. റഹിമിന് ജന്മനാടായ വെഞ്ഞാറമൂട്ടിൽ നൽകിയ സ്വീകരണ യോഗത്തിൽ വി.ശിവൻകുട്ടി അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരം, ഡൈനീഷ്യയ്ക്ക് വീടുവച്ചുനൽകുന്നതുൾപ്പെടെയുള്ള എല്ലാ ചെലവുകളും ഡി.വൈ.എഫ്.ഐ വഹിക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ എ.എ റഹീമും യോഗത്തിൽ പ്രഖ്യാപിച്ചു. ഇതിനായി ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി.

പിറന്നാൾ സമ്മാനത്തിന്റെ ചിരി

'എന്റെ പിറന്നാളാരുന്നു ഇന്ന്... മന്ത്രി ശിവൻകുട്ടിയങ്കിൾ വിളിച്ചു, പഠിക്കാനുള്ള സഹായം ചെയ്യാന്നും വീടൊക്കെ കിട്ടുമെന്നും പറഞ്ഞു.. ഒരുപാട് സന്തോഷായി..'

ഡൈനീഷ്യയുടെ ചാരത്തു നിന്ന കാഴ്ചയില്ലാത്ത അമ്മ ജെസിയും രോഗിയായ അച്ഛൻ യേശുദാസും ഇതുകേട്ട് കരഞ്ഞുപോയി.

കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനും വീടെന്ന സ്വപ്ന സാഫല്യത്തിനും സർക്കാർ താങ്ങാകുമെന്നും

ഡൈനീഷ്യയുടെ വീട് സന്ദർശിക്കുമെന്നും മന്ത്രി പറഞ്ഞു. കുഞ്ഞിന്റെയും കുടുംബത്തിന്റെയും കാര്യങ്ങൾ നോക്കാൻ കൊച്ചി മേയർ എം.അനിൽകുമാറിനെയും വിളിച്ച് മന്ത്രി ചുമതലപ്പെടുത്തി. അടിയന്തരമായി വേണ്ട കാര്യങ്ങൾ സർക്കാരിനെ ധരിപ്പിക്കുമെന്ന് മേയറും പറഞ്ഞു.

നിരവധിയാളുകൾ കേരളത്തിന് അകത്തുനിന്നും വിദേശത്ത് നിന്നും ഡൈനീഷ്യയോട് ഫോണിലും നേരിട്ടും സംസാരിച്ചു. പലരും സഹായ വാഗ്ദാനങ്ങളും നൽകി. മകളുമായി അടച്ചുറപ്പുള്ള വീട്ടിൽ കഴിയാനാകുമെന്ന പ്രതീക്ഷയിലാണ് യേശുദാസും ജെസിയും


''പാറിപ്പറന്നു നടക്കേണ്ട പ്രായമാണ് ആ കുഞ്ഞിന്. അവൾക്ക് സന്തോഷകരമായ ജീവിതത്തിനും പഠനത്തിനും എല്ലാ സാഹചര്യവും ഒരുക്കും.
-വി. ശിവൻകുട്ടി

വിദ്യാഭ്യാസമന്ത്രി