കൊച്ചി: കുമ്പളങ്ങി ഇല്ലിക്കൽ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ പകൽപ്പൂരം ഇന്ന് നടക്കും. രാവിലെ 9ന് നടക്കുന്ന കാഴ്ച ശ്രീബലിയോടനുബന്ധിച്ച് തൃശൂർപൂരം മേള കുലപതിമാരായ കിഴേക്കകൂട്ട് അനിയൻമാരാർ, ചെറുശ്ശേരി കുട്ടൻ മാരാർ എന്നിവർ ചേർന്ന് നയിക്കുന്ന 65ൽപരം കലാകാരന്മാർ പങ്കെടുക്കുന്ന മേജർസെറ്റ് പഞ്ചാരിമേളം നടക്കും. തുടർന്ന് ആനയൂട്ട്.
വൈകിട്ട് അഞ്ചിന് കാവടി ഘോഷയാത്രയും പകൽപൂരവും നടക്കും. തൃശൂർപൂരത്തിന് തിരുവമ്പാടി വിഭാഗത്തിന്റെ തിടമ്പേറ്റുന്ന തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. തിരുവമ്പാടി കണ്ണൻ, ഊക്കൻസ് കുഞ്ചു, നന്തിലത്ത് ഗോപാലകൃഷ്ണൻ, കരുവന്തല ഗണപതി എന്നീ ഗജവീരന്മാർ അകമ്പടിയാകും.
പകൽപൂരത്തോടനുബന്ധിച്ച് ചോറ്റാനിക്കര വിജയൻമാരാർ നയിക്കുന്ന പഞ്ചവാദ്യവും ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന പാണ്ടിമേളവും നടക്കും. 8.30ന് ദീപാരാധന, തുടർന്ന് അത്താഴ പൂജ എന്നിവ നടക്കും. രാത്രി 11ന് പള്ളിവേട്ട പുറപ്പാട്. തുടർന്ന് പള്ളിവേട്ട എഴുന്നള്ളിപ്പ്.
ആറാട്ടു ദിനമായ നാളെ ഉച്ചയ്ക്ക് ആറാട്ട് സദ്യ നടക്കും. വൈകിട്ട് നാലിന് ആറാട്ടിന് പുറപ്പാട്, വൈകിട്ട് ഏഴിന് മാനസ ജപലഹരി തുടർന്ന് ദീപാരാധന, വലിയകുരുതി, കൊടിയിറക്ക് എന്നിവ നടക്കും.