• മഴ ചതിച്ചു: കണി കാണാനില്ല കൊന്നപ്പൂ

കൊച്ചി: രണ്ട് വർഷം കൊവി​ഡി​ന്റെ പി​ടി​യി​ലമർന്ന വിഷു ആഘോഷം പൊലി​പ്പി​ക്കാൻ ‌‌അവസാനവട്ട ഒരുക്കത്തിലായിരുന്നു ഇന്നലെ നഗരം. പടക്കവും കണിക്കൊന്നയും കണിയൊരുക്കാനുള്ള കൃഷ്ണവിഗ്രഹവും മറ്റുവിഭവങ്ങളും വാങ്ങാൻ രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. പ്രളയത്തിലും കൊവിഡിലും തട്ടി തകർന്ന മുൻവർഷങ്ങളിലെ വിഷു, ഈസ്റ്റർ ആഘോഷം ഇത്തവണ തിരിച്ചുപിടിക്കാനുള്ള ആവേശം എങ്ങും പ്രകടമായി​. കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതും ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിച്ചതുമാണ് വ്യാപാരമേഖലയ്ക്ക് ഉണർവായത്. ഇത്തവണത്തെ കച്ചവടത്തിലൂടെ നഷ്ടങ്ങൾ നികത്താനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വിപണി സജീവമാക്കാൻ പുതിയ ട്രെൻഡുകൾ അനുസരിച്ചുള്ള ഉത്പന്നങ്ങളാണ് മാർക്കറ്റിൽ. ചെരിപ്പ്, ഫാൻസി, മറ്റു അലങ്കാര വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളെല്ലാം പുതിയ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്. വർണം വിതറുന്ന ന്യൂജെൻ പടക്കങ്ങളാണ് പടക്ക വിപണിയിൽ ട്രെൻഡ്. ചൂളമടിച്ചുയരുന്ന റോക്കറ്റ് മുതൽ പീലിവിടർത്തുന്ന പൂത്തിരി വരെയുണ്ട്. ശബ്ദം കുറഞ്ഞ ഫാൻസി പടക്കങ്ങളാണ് ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത്. ഓലപ്പടക്കങ്ങൾ, മാലപ്പടക്കങ്ങൾ, കമ്പിത്തിരി, പൂത്തിരി, നിലച്ചക്രം, പൂക്കുറ്റി തുടങ്ങിയവയ്ക്കാണ് കൂടുതൽ പ്രിയം. ഫൈബർ ഇനങ്ങൾക്ക് പുറമെ മാർബിൾ, ബ്ലാക്ക് മെറ്റൽ, പിച്ചള തുടങ്ങിയവയിൽ തീർത്ത കൃഷ്ണവിഗ്രഹങ്ങൾക്കും നല്ല ചെലവായി​രുന്നു.

 കൊന്നപ്പൂവും പ്ളാസ്റ്റിക്
കണിക്കൊന്നയ്ക്ക് 50 രൂപ മുതലായി​രുന്നു വി​ല. കണിവെള്ളരി 40 രൂപയ്ക്ക് ലഭ്യമായി. രണ്ട് തണ്ട് കൊന്നപ്പൂവിനാണ് 50 രൂപ ഈടാക്കിയത്. വില കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും വിലപേശലിന് നിൽക്കാതെ ഭൂരിഭാഗം പേരും കച്ചവടക്കാർ ആവശ്യപ്പെട്ട തുക നൽകി പൂ വാങ്ങി മടങ്ങി. കഴിഞ്ഞവർഷം 30 രൂപയുണ്ടായിരുന്ന കൊന്നയ്ക്കാണ് ഇത്തവണ 20 രൂപ അധികം നൽകേണ്ടിവന്നത്. നഗരത്തിലെ കൊന്നമരങ്ങൾ വിഷുക്കാലത്തിന് മുന്നേ പൂത്തതും വേനൽമഴയിൽ പൂക്കളാകെ കൊഴിഞ്ഞുപോയതുമാണ് വിലകൂടാൻ കാരണം. ഇതോടെ വിപണയിൽ പ്ലാസ്റ്റിക്ക് കൊന്നപ്പൂവിന് ആവശ്യക്കാരേറി. 60 രൂപയാണ് ഒന്നിന്റെ വില. 12 എണ്ണത്തിന് 450 രൂപ.

 പച്ചക്കറി വിപണിയിലും തിരക്ക്

ബീൻസ്, വെണ്ടയ്ക്ക, അച്ചിങ്ങ എന്നിവയൊഴികെ മറ്റ് പച്ചക്കറി ഇനങ്ങൾക്കെല്ലാം പൊതുവേ വിലക്കുറവായിരുന്നു. ബുധനാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ മാർക്കറ്റിൽ തിരക്ക് കുറവായിരുന്നു. ബ്രോഡ് വേയിലും പാലാരിവട്ടം റൗണ്ടിലും ഇടപ്പള്ളി ചങ്ങമ്പുഴപാർക്കിന്റെ പരിസരത്തും വിഷു, ഈസ്റ്റർ കച്ചവടം തകൃതിയിൽ നടന്നു. വിഷു കൈനീട്ടം നൽകാനുള്ള പുതിയ നോട്ടിനും നാണയത്തുട്ടുകൾക്കുമായി ബാങ്കുകൾക്ക് മുന്നിൽ നീണ്ടനിര ദൃശ്യമായിരുന്നു.